കേരള സര്‍ക്കാര്‍ ഐഎസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയാണെന്ന് പികെ കൃഷ്ണദാസ്

കോട്ടയം: സംസ്ഥാന വനിതാക്കമ്മീഷന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് ഐഎസ് ചാരന്‍മാരാണെന്നും, കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ഐഎസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയായിട്ടാണെന്നും ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പികെ കൃഷ്ണദാസ്.

ഹാദിയ കേസില്‍ സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും സ്വീകരിച്ച നടപടികള്‍ ഇതിന് തെളിവാണെന്നും കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.

സംസ്ഥാന വനിതാകമ്മീഷന്റെയും ഐഎസ് നേതാക്കളുടെയും ഒരേ ഭാഷയും ശൈലിയുമാണ്. ഹാദിയ കേസില്‍ കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍ സംശയം ജനിപ്പിക്കുന്നതാണ്. വനിതാകമ്മീഷന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ ഐഎസ് ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നതായി ബിജെപി സംശയിക്കുന്നു. അതിനാല്‍ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് എന്‍ഐഎ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത് കപടമതേതരമുഖമാണ്. അത്തരം പഴയ സമീപനമൊന്നും ഇനിമുതല്‍ കേരളത്തില്‍ നടപ്പാകില്ല. കേരളത്തില്‍ നടക്കുന്ന മതം മാറ്റങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഇത്തരം മതംമാറ്റങ്ങള്‍ കേരളത്തിന്റെ സാമൂഹികരംഗത്ത് വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസ്സും സിപിഐഎമ്മും പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കാന്‍ മത്സരിക്കുകയാണ്. കെപിസിസി നിര്‍ദേശ പ്രകാരമാണ് കപില്‍ സിബല്‍ പോപ്പുലര്‍ ഫ്രണ്ടിന് വേണ്ടി ഹാജരായതെന്നും കൃഷ്ണദാസ് ആരോപിച്ചു.

കേരളത്തിലെ ഹിന്ദുക്രൈസ്തവ കുടുംബങ്ങള്‍ ഐഎസില്‍ നിന്നും കടുത്ത ഭീഷണി നേരിടുകയാണെന്നും രാജ്യസുരക്ഷ അപകടത്തിലാണെന്നും കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

Top