മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗിന് മൂന്നാം സീറ്റ് ലഭിക്കുന്നതില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ ധാരണയായില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോക്‌സഭാ സീറ്റിന്റെ കാര്യത്തിലാണ് ചര്‍ച്ച നടക്കുന്നത്. രാജ്യസഭാ സീറ്റിനെ പറ്റി ചര്‍ച്ച നടത്തിയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും സീറ്റുകള്‍ വെച്ച് മാറുന്നുണ്ടോ ഇല്ലയോ എന്നതൊക്കെ ചര്‍ച്ച പൂര്‍ത്തിയാക്കിയ ശേഷം പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ലെന്ന് കോണ്‍ഗ്രസ്സ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം വന്നത്.
ലീഗിന് മൂന്നാം സീറ്റ് ഉണ്ടാകില്ലെന്ന് നേരത്തെ കോണ്‍ഗ്രസ്സ് അറിയിച്ചിരുന്നു. രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ധാരണയായെന്നുമാണ് കോണ്‍ഗ്രസ് അറിയിച്ചത്. അതേസമയം, ഇടിയും സമദാനിയും സീറ്റ് പരസ്പരം മാറിയേക്കുമെന്നും വിവരമുണ്ട്. ഇടിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് മലപ്പുറം സീറ്റ് നല്‍കാനാണ് ആലോചന. മൂന്നാം സീറ്റില്‍ ചര്‍ച്ച നടക്കുകയാണ്. ചര്‍ച്ച നടന്ന ശേഷമേ മൂന്നാം സീറ്റിന്റെ കാര്യം പറയാന്‍ പറ്റൂ.
മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച വഴിമുട്ടിയിട്ടില്ല. എന്നാല്‍ എപ്പോഴും അതിനെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കണ്ടല്ലോ എന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചിരുന്നു. പ്രതിപക്ഷ നേതാവും സാദിഖലി തങ്ങളും ഫോണ്‍ വഴി ചര്‍ച്ച നടത്തുന്നുണ്ട്. യൂഡിഎഫ് യോഗ ശേഷം അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും പ്രധാന പാര്‍ട്ടികളൊന്നും സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.