മുസ്ലിം ലീഗിന്റെ രാജ്യസഭാ സീറ്റിലേക്ക് പിഎംഎ സലാമിനെ നിര്‍ദ്ദേശിച്ച് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മുസ്ലിം ലീഗിന്റെ രാജ്യസഭാ സീറ്റിലേക്ക് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാമിന്റെ പേര് നിര്‍ദ്ദേശിച്ച് പി കെ കുഞ്ഞാലിക്കുട്ടി. ഇതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി നാളെ ചേരുന്ന മുസ്ലിം ലീഗ് യോഗം നിര്‍ണായകമാകും. പൊന്നാനിയില്‍ യൂത്ത് ലീഗ് നേതാവ് ഫൈസല്‍ ബാബുവിനെ മത്സരിപ്പിച്ച് ഇ ടി മുഹമ്മദ് ബഷീറിനെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനുള്ള ആലോചനയും നേതൃത്വത്തിന് മുന്നിലുണ്ട്. നിയമസഭയിലേക്ക് മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പിഎംഎ സലാമിന്റെ പേര് രാജ്യസഭയിലേക്ക് പി കെ കുഞ്ഞാലിക്കുട്ടി നിര്‍ദ്ദേശിച്ചതെന്നാണ് സൂചന.

സലാമിനോടുള്ള സമസ്തയുടെ വിരോധവും നിയമസഭയിലേക്കുള്ള സാധ്യതകള്‍ക്ക് തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂരങ്ങാടിയില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധവുമായി സലാം രംഗത്ത് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കി സലാമിനെ അനുനയിപ്പിക്കുകയായിരുന്നു.

Top