ന്യൂ ഡല്‍ഹി: മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പി കെ കുഞ്ഞാലിക്കുട്ടി എംപി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്കായിരുന്നു ചടങ്ങ്. സത്യപ്രതിജ്ഞക്കായി കഴിഞ്ഞ ദിവസം തന്നെ അദ്ദേഹം ഡല്‍ഹിയില്‍ എത്തിയിരുന്നു.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങോടു കൂടിയാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തുടക്കമായത്. രാഷ്ട്രപതി തെരഞ്ഞെടുപ്പിന് സമാന്തരമായി നടക്കുന്ന സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ കേന്ദ്രസര്‍ക്കാരിനെതിരെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിഷേധം ഉയര്‍ത്താനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്.
ഗോ രക്ഷയുടെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യമെമ്പാടും നടക്കുന്ന അക്രമങ്ങള്‍ ഇരു സഭകളിലും പ്രതിപക്ഷം ഉയര്‍ത്തും.
ഇതിന് പുറമെ അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് നേരെ നടന്ന ഭീകരാക്രമണം, അതിര്‍ത്തിയിലെ ചൈനയുടെ കയ്യേറ്റം, ജിഎസ്ടി നടപ്പാക്കിയതിലെ അപാകതകള്‍ തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ സഭയില്‍ പ്രതിപക്ഷം ഉയര്‍ത്തുന്നതോടെ സമ്മേളനം കലുഷിതമാകും.