വീൽചെയര്‍ ഭീഷണി: ‘നടപടി സ്വീകരിക്കും’; മുഈൻ അലി തങ്ങളെ പിന്തുണച്ച് പി കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം : വീൽചെയര്‍ ഭീഷണി വിവാദത്തിൽ പാണക്കാട് മുഈൻ അലി തങ്ങളെ പിന്തുണച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കയ്യ് വെട്ടും, കാല് വെട്ടും എന്നൊക്കെയുള്ള വെല്ലുവിളികൾ ഒരു നിലയ്ക്കും അംഗീകരിക്കാൻ പറ്റാത്ത പ്രസ്താവനകൾ ആണ്. എല്ലാവരും ബഹുമാനിക്കുന്ന പാണക്കാട് കുടുംബത്തിന് നേരെ ഇത്തരത്തിലുള്ള പ്രസ്താവനകൾ വരുമ്പോൾ മുസ്‌ലിം ലീഗ് പ്രവർത്തകർക്കോ സമൂഹത്തിലെ ആർക്കും തന്നെ ഒരു തരത്തിലും അത് അംഗീകരിക്കാൻ സാധ്യമല്ല. അത് കൊണ്ട് തന്നെ ഇത് തീർത്തും പ്രതിഷേധാർഹമായ കാര്യം തന്നെയാണ്.

മുസ്ലിം ലീഗ് പാർട്ടി ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ഒരു കാലത്തും അംഗീകരിച്ചിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. അത്തരം പ്രസ്താവനകൾ നടത്തിയവർക്കെതിരെ അതത് സമയത്ത് തന്നെ പാർട്ടി കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ഈ വിഷയത്തിലും കർശനമായ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ നിയമപരമായും ശക്തമായ നടപടികളുമായി പാർട്ടി മുന്നോട്ട് പോകുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വീൽചെയര്‍ ഭീഷണി വിവാദത്തിൽ പാണക്കാട് മുഈൻ അലി തങ്ങള്‍ക്ക് മുസ്ലിം ലീഗും പിന്തുണച്ചിരുന്നു.

പൊലീസ് നടപടി വേഗത്തിൽ ആക്കണം എന്ന് പാര്‍ട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം ആവശ്യപ്പെട്ടു. കുറ്റവാളികൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭീഷണി പെടുത്തിയ വ്യക്തിയെ നേരത്തെ പാർട്ടി പുറത്താക്കിയതാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, പാണക്കാട് മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് വീൽചെയര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസിലെ പ്രതി റാഫി പുതിയകടവിൽ വിശദീകരിച്ചു. തങ്ങളുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളത്. സൗഹൃദ സംഭാഷണത്തിനിടെയുണ്ടായതാണ് വീൽചെയര്‍ പരാമര്‍ശം. അത് തമാശയായി പറഞ്ഞതാണ്. ഫോൺ സംഭാഷണം മുഈൻ അലി തങ്ങൾ പുറത്ത് വിട്ടത് എന്തുകൊണ്ട് എന്നറിയില്ല, സംഭവത്തിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top