pk ragesh – umman chandy – congerss

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച നടത്തി. കണ്ണൂരും അഴീക്കോടും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനിരിക്കെയാണ് കൂടിക്കാഴ്ച നടന്നത്.

ചര്‍ച്ചയില്‍ യുഡിഎഫ് നേതാക്കളായ മന്ത്രി കെസി ജോസഫ്, വികെ അബ്ദുള്‍ഖാദര്‍ മൗലവി, കെഎം ഷാജി എംഎല്‍എ, എംഡി മുസ്തഫ തുടങ്ങിയവര്‍ പങ്കെടുത്തു. കണ്ണൂര്‍ ഗസ്റ്റൗസില്‍ നടന്ന കൂടിക്കാഴ്ച 10 മിനിറ്റോളം നീണ്ടുനിന്നു.

രാഗേഷ് മുഖ്യമായും ഉന്നയിച്ച നാല് ആവശ്യങ്ങളില്‍ മൂന്നും പരിഗണിക്കാനാവുമെന്ന ഡിസിസി പ്രസിഡന്റ് കെ സുരേന്ദ്രന്റെ നിലപാടാണ് പ്രശ്‌ന പരിഹാരത്തിനുള്ള വഴി ഒരുക്കിയത്. പുതിയ സാഹചര്യത്തില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനവുമാണ് രാഗേഷ് മുന്നോട്ടുവച്ച പ്രധാന ആവശ്യം.

അച്ചടക്ക നടപടിക്ക് വിധേയമായ രാഗേഷ് അനുയായികളെ എല്ലാവരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും ചിറക്കല്‍ ബ്‌ളോക്ക് പ്രസിഡന്റിനെ മാറ്റണമെന്നുമുള്ള ആവശ്യവും നേതാക്കള്‍ക്കു മുന്നില്‍ ഉന്നയിച്ചു. ബ്‌ളോക്ക് പ്രസിഡന്റിനെ മാറ്റുന്ന കാര്യമൊഴിച്ച് മറ്റ് കാര്യങ്ങള്‍ പരിഗണിക്കാമെന്നാണ് ഡിസിസിയുടെ നിലപാട്.

രാഗേഷും നിലപാടില്‍ അയവു വരുത്തിയതാണ് സൂചന. അതേസമയം അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഡിസിസിയുടെ ഭാഗത്തുനിന്ന് വ്യക്തമായ തീരുമാനമുണ്ടായില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ കണ്ണൂര്‍ അഴീക്കോട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന തീരുമാനത്തില്‍നിന്ന് പിറകോട്ട് പോകില്ലെന്നാണ് രാഗേഷിനെ അനുകൂലിക്കുന്ന ജനാധിപത്യ സംരക്ഷണ സമിതിയുടെ നിലപാട്.

തീരുമാനങ്ങള്‍ അറിയിക്കുന്നതിനായി വീണ്ടും ബന്ധപ്പെടാമെന്ന് രാഗേഷിനോട് പറഞ്ഞതിന് ശേഷമാണ് മുഖ്യമന്ത്രി തിരിച്ചത്.
വിമതരുടെ സ്‌ക്രീനിംഗ് കമ്മറ്റിയോഗം ഇന്ന് നടക്കും

Top