പെണ്‍ക്കുട്ടി പരാതി നല്‍കിയില്ല; പികെ ശശിക്കെതിരെ കേസ് എടുക്കില്ലെന്ന് പൊലീസ്

ഷൊര്‍ണൂര്‍: പീഡന പരാതിയില്‍ പികെ ശശിക്കെതിരെ കേസ് എടുക്കാന്‍ കഴിയില്ലെന്ന് പൊലീസ്. തൃശൂര്‍ റെയ്ഞ്ച് ഐജിയാണ് ഡിജിപിയ്ക്ക് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പെണ്‍ക്കുട്ടിയോ ബന്ധുക്കളോ ആരോപണം സംബന്ധിച്ച് പരാതിയോ മൊഴിയോ നല്‍കിയിട്ടില്ലെന്നും പെണ്‍ക്കുട്ടിയോട് നേരിട്ട് ചോദിച്ചപ്പോഴും പരാതി നല്‍കിയില്ലെന്നും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും പൊലീസ് വ്യക്തമാക്കി.

അതേസമയം, കേസ് സംബന്ധിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ചിലര്‍ പണവുമായി ചെന്ന് സ്വാധീനിക്കുവാന്‍ ശ്രമിച്ചെന്നും നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

രാഷ്ട്രീയപരമായ പരാതിയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണം നേരിടുവാനുള്ള കമ്മൂണിസ്റ്റ് ആര്‍ജ്ജവം തനിക്കുണ്ടെന്നുമാണ് സംഭവത്തില്‍ പികെ ശശി പ്രതികരിച്ചത്.

സംഭവം വിവാദമായിരിക്കെ പി കെ ശശിയുടെ വീട്ടിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയിരുന്നു. വനിതാ പ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ എംഎല്‍എ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പാലക്കാട് മണ്ണാര്‍ക്കാടുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

Top