തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ പി.കെ. ശശി എംഎല്‍എക്കെതിരായ പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഇന്ന് നടപടി ഉണ്ടായേക്കും. രാവിലെ സംസ്ഥാന സെക്രട്ടറിയേറ്റും പിന്നാലെ സംസ്ഥാന കമ്മിറ്റിയും റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും.
ഡി.വൈ.എഫ്.ഐ വനിത നേതാവ് ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് പാര്‍ട്ടി കമ്മീഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ശശിക്കെതിരെ പാര്‍ട്ടി കടുത്ത നടപടിയെടുക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഗൂഢാലോചന ആരോപിച്ച് പി.കെ ശശി നല്‍കിയ പരാതിയിലും നടപടിയുണ്ടായേക്കും.
ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ പാലക്കാടുള്ള ഡി.വൈ.എഫ്.ഐ വനിത നേതാവ് ആഗസ്റ്റ് 14നാണ് സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയത്. ഇതന്വേഷിക്കാന്‍ എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരടങ്ങുന്ന കമ്മീഷനെ നിയോഗിച്ച് രണ്ട് മാസമായിട്ടും നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്ന് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിരുന്നു.
അതേസമയം പി.കെ ശശി നയിക്കുന്ന കാല്‍നട പ്രചരണ ജാഥ പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനിടയില്‍ നടപടിയെടുക്കുമോ എന്നതാണ് അണികള്‍ക്കിടയിലെ പ്രധാന ചര്‍ച്ചാ വിഷയം.