തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ല :സംശയമുള്ളവര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കാമെന്ന് പി.കെ.ശശി

പാലക്കാട്: തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ലെന്ന് പി.കെ.ശശി എംഎല്‍എ. സംശയമുള്ളവര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കാം. പാര്‍ട്ടി അച്ചടക്കത്തിന് പൂര്‍ണമായും വിധേയനാകുമെന്നും കമ്മ്യൂണിസ്റ്റുകാരനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. വിഭാഗീയതയെ കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും ശശി കൂട്ടിച്ചേര്‍ത്തു.

പീഡനക്കേസില്‍ ആരോപണവിധേയനായ പി.കെ ശശിയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ആറു മാസത്തേയ്ക്കാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്‌ഐ നേതാവാണ് പി.കെ ശശിയ്‌ക്കെതിരെ പരാതി നല്‍കിയത്.

പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നും പാര്‍ട്ടി തന്റെ ജീവന്റെ ഭാഗമാണെന്നും പി.കെ ശശി പറഞ്ഞിരുന്നു. അതേസമയം, ലൈംഗീകാതിക്രമം പി.കെ ശശിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ട് എത്തിയിരുന്നു. ഫോണിലൂടെ മോശം പെരുമാറ്റം മാത്രമാണ് ഉണ്ടായതെന്നും ഫോണ്‍ സംഭാഷണം റിപ്പോര്‍ട്ടില്‍ മുഖ്യ തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കമ്മീഷന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. വിഭാഗീയതയാണ് പരാതിക്ക് പിന്നിലെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലില്ല. എന്നാല്‍, എ.കെ ബാലന്റെ വാദം പികെ ശ്രീമതി തള്ളി.

Top