സി.പി.എം സംസ്ഥാന നേതൃത്വത്തെ പ്രതികൂട്ടിലാക്കി വനിതാ പ്രവർത്തക . . .

PK-SASI

ന്യൂഡല്‍ഹി : ഷൊര്‍ണൂര്‍ എം.എല്‍.എ. പി.കെ. ശശിക്കെതിരെയുള്ള തന്റെ പരാതി കമ്മിഷനും പാര്‍ട്ടിയും ഗൗരവത്തോടെ കണ്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി സി.പി.എം. കേന്ദ്രനേതൃത്വത്തിന് വനിതാ ഡി.വൈ.എഫ്.ഐ. നേതാവിന്റെ കത്ത്.

ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന തന്റെ പരാതിയിന്മേലല്ല ശശിക്കെതിരേയുള്ള അച്ചടക്കനടപടിയെന്നും വനിതാനേതാവ് കേന്ദ്രനേതൃത്വത്തിനയച്ച കത്തില്‍ പറയുന്നു.

ഇവരുടെ പരാതിയില്‍ ശശിയെ പാര്‍ട്ടി അംഗത്വത്തില്‍നിന്ന് ആറുമാസത്തേക്ക് സസ്‌പെന്‍ഡുചെയ്യാന്‍ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചിരുന്നു. മര്യാദവിട്ടുള്ള ഫോണ്‍ സംഭാഷണം അടിസ്ഥാനമാക്കിമാത്രമാണ് അച്ചടക്കനടപടി.

പരാതി അന്വേഷിച്ച രണ്ടംഗകമ്മിഷന്‍ റിപ്പോര്‍ട്ടും സംസ്ഥാനത്തെ അച്ചടക്കനടപടിയും അടുത്ത മാസം ചേരുന്ന കേന്ദ്രകമ്മിറ്റി പരിഗണിക്കും.

അതേസമയം കേരളത്തില്‍ ഉയര്‍ന്ന പരാതിയില്‍ സംസ്ഥാന നേതൃത്വം അന്വേഷണം നടത്തി കൈക്കൊണ്ട അച്ചടക്കനടപടി കേന്ദ്രകമ്മിറ്റി അംഗീകരിക്കേണ്ടതുണ്ടെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്രകമ്മിറ്റി എന്തുതീരുമാനിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലൈംഗികപീഡനം സംബന്ധിച്ച പരാതികള്‍ ഗൗരവത്തോടെ കാണുന്ന പാര്‍ട്ടിയാണ് സി.പി.എമ്മെന്നും യെച്ചൂരി അറിയിച്ചിരുന്നു.

ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ.ബാലന്‍ – പി.കെ.ശ്രീമതി കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Top