പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടി ; അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സെക്രട്ടറിയേറ്റ്‌ യോഗത്തില്‍

PK-SASI

തിരുവനന്തപുരം: ലൈംഗിക പീഡന പരാതിയില്‍ ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ പാര്‍ട്ടി നടപടി ഉറപ്പായി. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് നാളെ സെക്രട്ടേറിയറ്റ് യോഗത്തില്‍ അവതരിപ്പിക്കും. ഗൂഢാലോചനയുണ്ടെന്ന പി.കെ.ശശിയുടെ പരാതിയിലും നടപടി ഉണ്ടായേക്കും.

ഓഗസ്റ്റ് 14നാണ് പെണ്‍കുട്ടി പി.കെ ശശിക്കെതിരെ സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ പരാതിക്കാരിയെ കോടിയേരി ബാലകൃഷ്ണന്‍ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. തുടര്‍ന്ന് പി.കെ ശശിയെ തിരുവനന്തപുരം എ.കെ.ജി സെന്ററിലേക്ക് വിളിച്ച് വരുത്തി വിശദീകരണം തേടി.

ഓഗസ്റ്റ് 31 ന് നടന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി കേന്ദ്ര കമ്മറ്റി അംഗങ്ങളായ എ.കെ ബാലനെയും പി.കെ ശ്രീമതിയെയും വിഷയം അന്വേഷിക്കാന്‍ യോഗം ചുമതലപ്പെടുത്തി. ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്താന്‍ സെക്രട്ടേറിയേറ്റ് യോഗം ഐക്യകണ്‌ഠേനെയാണ് തീരുമാനമെടുത്തത്.

അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ഉടന്‍ ഉചിതമായ നടപടി കൈക്കൊള്ളും. കേന്ദ്ര കമ്മറ്റി ഇടപെട്ടതിന് ശേഷമാണ് സംസ്ഥാന ഘടകം വിഷയം പരിഗണിച്ചത് എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Top