തിരുവനന്തപുരം: വിമാന യാത്രാക്കൂലി വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ചൂണ്ടിക്കാട്ടി ചെന്നിത്തല കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന് കത്തയച്ചു.
ഗള്‍ഫ് മലയാളികള്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് വിമാന സര്‍വ്വീസ് നിരക്കുകളില്‍ വരുത്തിയ അമിതമായ വര്‍ധന പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു.
സ്‌കൂള്‍ അവധിക്കാലത്ത് വിമാന സര്‍വ്വീസ് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച് യാത്രക്കാരെ ചൂഷണം ചെയ്യുന്നത് വിമനക്കമ്പനികള്‍ പതിവാക്കിയിരിക്കുകയാണെന്ന് കത്തില്‍ ചെന്നിത്തല കുറ്റപ്പെടുത്തി.
നാലും അഞ്ചും ഇരട്ടിയാണ് വര്‍ധന. മൂന്നും നാലും വര്‍ഷത്തെ സമ്പാദ്യം സ്വരുക്കൂട്ടിവെച്ചാണ് സാധാരണക്കാരായ പ്രവാസികള്‍ നാട്ടിലെത്തുന്നത്. ഈ നിരക്ക് വര്‍ധന അവരുടെ കീശ ചോര്‍ത്തും.
ഗള്‍ഫ് മലയാളികള്‍ അവരുടെ തൊഴില്‍പരമായും മറ്റും വന്‍ പ്രതിസന്ധികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന അവസരത്തില്‍ ഈ നിരക്ക് വര്‍ധന അവര്‍ക്ക് താങ്ങാനാകില്ല. അതുകൊണ്ട് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഫലപ്രദമായ ഇടപെടല്‍ ഉണ്ടായേ തീരൂ എന്ന് കത്തില്‍ ചെന്നിത്തല ആവശ്യപ്പെടുന്നു.