ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രണ്ടാം ഊഴം ഉറപ്പിക്കാന്‍ ‘മിനി ഇന്ത്യ’യില്‍ ബി.ജെ.പി തന്ത്രപരമായ നീക്കത്തിന്. രാജ്യത്ത് ഏറ്റവും അധികം ലോക് സഭ അംഗങ്ങളെയും രാജ്യസഭ അംഗങ്ങളെയും തിരഞ്ഞെടുക്കുന്ന യു.പിയില്‍ 2019-ലും കാവി തരംഗം സൃഷ്ടിക്കാനാണ് പദ്ധതി.
മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങി കഴിഞ്ഞത് ഈ നീക്കത്തിന്റെ ഭാഗമായിട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യു.പിയിലെ 82 ഒ.ബി.സി വിഭാഗങ്ങളെ മൂന്നായി തിരിച്ച് 27 ശതമാനം വീതം സംവരണം നല്‍കാനാണ് തീരുമാനം. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ സമാജ് വാദി പാര്‍ട്ടിയും ബി.എസ്.പിയും തകര്‍ന്നടിയുമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍.
80 ലോക് സഭ അംഗങ്ങളുള്ള യു.പിയില്‍ ബി.ജെ.പി തകര്‍ന്നടിഞ്ഞാല്‍ കേന്ദ്രത്തില്‍ ഭരണമാറ്റം നിഷ്പ്രയാസം സാധ്യമാകുമെന്ന കണക്കുകൂട്ടലില്‍ ആയിരുന്നു പ്രതിപക്ഷ പാര്‍ട്ടികള്‍. അടുത്തയിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ നേട്ടത്തില്‍ ആവേശഭരിതരായ പ്രതിപക്ഷം ഇപ്പോള്‍ സര്‍ക്കാറിന്റെ നീക്കത്തെ ആശങ്കയോടെയാണ് കാണുന്നത്.
കഴിഞ്ഞ ലോക് സഭ തിരഞ്ഞെടുപ്പില്‍ 71 സീറ്റുകളിലും വിജയിച്ചത് ബി.ജെ.പിയായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മണ്ഡലത്തിലടക്കം ഉപതിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി – ബി.എസ്.പി സഖ്യം അട്ടിമറി വിജയം നേടിയതോടെയാണ് ബി.ജെ.പിയും തന്ത്രം മാറ്റാന്‍ നിര്‍ബന്ധിക്കപ്പെട്ടത്.
2019-ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ആറ് മാസം മുന്‍പ് സംവരണം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നാണ് മുതിര്‍ന്ന കാബിനറ്റ് മന്ത്രി ഒ.പി.രാജ്ഭര്‍ അറിയിച്ചിരിക്കുന്നത്. 27 ശതമാനം സംവരണത്തെ മൂന്നായി വിഭജിക്കുമെന്നും നാല് ജാതികള്‍ ഉള്‍പ്പെടുന്ന പിന്നോക്കം വിഭാഗം, അതീവ പിന്നോക്കം (19 ജാതികള്‍), 59 ജാതികള്‍ ഉള്‍പ്പെടുത്തി വളരെയേറെ പിന്നോക്കം എന്നിങ്ങനെയാണ് അവയെന്നും മന്ത്രി പറഞ്ഞു.
സംവരണം നടപ്പാകുകയാണെങ്കില്‍ സമാജ്വാദി പാര്‍ട്ടിയുടെ വോട്ട് ബാങ്കായ യാദവര്‍ക്ക് തിരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളി ആയിരിക്കും നേരിടുക. ഒ.ബി.സി വിഭാഗത്തില്‍പെടുന്ന യാദവരാണ് സംവരണത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍.
2014 ലോക്സഭാ തിരഞ്ഞെടുപ്പിലും 2017-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് യാദവരുടെ പിന്തുണ കിട്ടിയിരുന്നു. എന്നാല്‍ അപകടം മണത്ത എസ്.പിയും ബി.ജെ.പിയും ഫുല്‍പൂര്‍. ഗോരഖ്പൂര്‍ ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ കൈകോര്‍ത്ത് ബി.ജെ.പിയെ തറപറ്റിക്കുകയായിരുന്നു. ഒ.ബി.സികള്‍ക്കുള്ള 27 ശതമാനം സംവരണത്തില്‍ 6.4 ശതമാനം മുസ്ലിം വിഭാഗത്തിന് മാറ്റിവെയ്ക്കുമെന്നാണ് കരുതുന്നത്. വലിയ പ്രശ്‌നങ്ങളില്ലാതെ മുസ്ലിം സമുദായത്തെ കൂടി സംവരണത്തിന്റെ ഗുണഭോക്താക്കളാക്കുന്നതിനാണ് സര്‍ക്കാരിന്റെ ശ്രമം.
ന്യൂനപക്ഷങ്ങള്‍ക്ക് മൊത്തം 15 ശതമാനം സംവരണം ചെയ്യണമെന്നും അതില്‍ പത്ത് ശതമാനം മുസ്ലിങ്ങള്‍ക്ക് നല്‍കണമെന്നുമാണ് രംഗനാഥ മിശ്ര കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ന്യൂനപക്ഷങ്ങള്‍ക്ക് നേരിട്ട് 15 ശതമാനം സംവരണം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഒ.ബി.സിയുടെ 27 ശതമാനത്തില്‍ 8.4 ശതമാനം ന്യൂനപക്ഷ വിഹിതമായി നീക്കിവയ്ക്കണമെന്ന് മിശ്ര കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്.