യുവാക്കളെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാന്‍ ആലോചന

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിക്കാന്‍ ആലോചന. യുവാക്കളെയും പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തി കൊണ്ടാണ് പുനഃസംഘടിപ്പിക്കുന്നത്. 75 വയസ് മാനദണ്ഡം ബാധകമായവര്‍ക്കു പുറമേ ചില മുതിര്‍ന്ന നേതാക്കളെയും കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കും. സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണ തൃപ്തികരമല്ലെന്ന വിമര്‍ശനം സംഘടനാ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

പാര്‍ട്ടി സെന്ററായി പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ പോലും ചുമതല വേണ്ടവിധം നിറവേറ്റുന്നില്ലെന്നായിരുന്നു വിമര്‍ശനം. ഇതു കൂടി പരിഗണിച്ചാണ് സെക്രട്ടേറിയറ്റില്‍ വലിയ മാറ്റത്തിനുള്ള ആലോചന. ആനത്തലവട്ടം ആനന്ദന്‍, പി.കരുണാകരന്‍, കെ.ജെ.തോമസ്, എം.എം.മണി എന്നിവര്‍ പ്രായപരിധി മാനദണ്ഡത്തിന്റെ പേരില്‍ ഒഴിവാകും.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരനും വൈക്കം വിശ്വനും 75 വയസ്സ് പിന്നിട്ടവരാണ്. പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍, എ.വിജയരാഘവന്‍ എന്നിവര്‍ സെക്രട്ടേറിയറ്റില്‍ തുടരും. പി.കെ.ശ്രീമതി, ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, എം.വി.ഗോവിന്ദന്‍ എന്നിവരില്‍ ചിലരെ സെക്രട്ടേറിയറ്റില്‍നിന്ന് മാറ്റിയേക്കാം. ഒഴിവാക്കപ്പെട്ടാലും കേന്ദ്ര കമ്മിറ്റി അംഗങ്ങളെന്ന നിലയില്‍ ഇവര്‍ക്ക് സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാനാകും. മുതിര്‍ന്ന നേതാവും കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനുമായ എം.വിജയകുമാര്‍ ആനത്തലവട്ടത്തിന്റെ ഒഴിവില്‍ സെക്രട്ടേറിയറ്റിലെത്താന്‍ സാധ്യതയുണ്ട്.

Top