ഡൽഹി: കുട്ടികൾക്കും ഗർഭിണികൾക്കുമുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കോവിൻ പോർട്ടൽ വഴിയാക്കാൻ കേന്ദ്രസർക്കാർ. പോർട്ടൽ പുനർനിർമ്മിച്ച് പോളിയോ, ഡിഫ്തീരിയ, ടെറ്റനസ്, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ 12 പ്രതിരോധ കുത്തിവയ്പ്പുകൾ ഇതുവഴി വിതരണം ചെയ്യാനാണ് നീക്കം. ദേശീയ ആരോഗ്യ അതോറിറ്റി (എൻഎച്ച്എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ എസ് ശർമയാണ് ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് നടത്തിവരുന്ന കോവിഡ് വാക്സിനേഷൻ യജ്ഞം കോവിൻ പോർട്ടൽ വഴി വിജയകരമായതിന് പിന്നാലെയാണ് തീരുമാനം. ആദ്യ രണ്ടുഘട്ടങ്ങളിൽ , പ്രതിദിനം 20-30 ലക്ഷം ഡോസുകൾ വിതരണംചെയ്തത് മൂന്നാം ഘട്ടമായപ്പോൾ വാക്സിൻ വിതരണം രണ്ടരക്കോടിവരെയായി ഉയർന്നു.