പ്ലേയിങ് ഇലവനില്‍ നിന്ന് കുല്‍ദീപ് പുറത്ത്; കാരണം വെളിപ്പെടുത്തി കൊല്‍ക്കത്ത ക്യാപ്റ്റന്‍

ഹൈദരാബാദും കൊല്‍ക്കത്തയും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത കളിക്കാനിറങ്ങിയത് യുവ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ടീമില്‍ നിന്ന ഒഴിവാക്കിക്കൊണ്ടായിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണായക താരമായേക്കാവുന്ന കുല്‍ദീപിനെ കൊല്‍ക്കത്ത പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താക്കിയത് ആരാധകരെ മുഴുവന്‍ ഞെട്ടിച്ചിരുന്നു.

കുല്‍ദീപിനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താക്കിയത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ടീം ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്ക് നേരിട്ടത്. കുല്‍ദീപിന്റെ മോശം ഫോമാണ് അദ്ദേഹത്തെ പുറത്തിരുത്താനുള്ള കാരണമെന്ന് ദിനേഷ് കാര്‍ത്തിക്ക് വ്യക്തമാക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി കുല്‍ദീപ് ഫോം കണ്ടെത്താന്‍ വിഷമിക്കുകയാണെന്നും അദ്ദേഹത്തിന് ചെറിയൊരു വിശ്രമം ആവശ്യമാണെന്നും കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഈ സീസണ്‍ ഐപിഎല്ലില്‍ ദയനീയ പ്രകടനമാണ് ഇന്ത്യയുടെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളായ കുല്‍ദീപ് യാദവിന്റേത്. സീസണില്‍ കളിച്ച 9 മത്സരങ്ങളില്‍ നിന്ന് 4 വിക്കറ്റുകള്‍ മാത്രമാണ് താരത്തിന് വീഴ്ത്താന്‍ കഴിഞ്ഞത്. സീസണില്‍ താരത്തിന്റെ എക്കോണമി 8.66 ആണ്.

Top