ഡല്‍ഹി: വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക വാദ്ര എന്നിവര്‍ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും പ്രതികരണം തേടി.
ഹര്‍ജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡിഎന്‍ പട്ടേല്‍, ജസ്റ്റിസ് സി. ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ആഭ്യന്തര മന്ത്രാലയത്തിനും ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും നോട്ടീസ് നല്‍കിയത്.
ഡല്‍ഹി മുഖ്യമന്ത്രി മനീഷ് സിസോദിയ, എഎപി എംഎല്‍എ അമാനത്തുള്ള ഖാന്‍, എഐഐഎം നേതാക്കളായ അസദുദ്ദീന്‍ ഒവൈസി, വാരിസ് പത്താന്‍, അക്ബറുദ്ദീന്‍ ഒവൈസി എന്നിവര്‍ക്കെതിരെയും ചലച്ചിത്ര താരം സ്വര ഭാസ്‌കര്‍, കോളമിസ്റ്റ് ഹര്‍ഷ് മന്ദര്‍ എന്നിവര്‍ക്ക് എതിരെയും ഹര്‍ജി നല്‍കിയിട്ടുണ്ട്.
ഇവരുടെ പ്രസംഗങ്ങള്‍ കലാപത്തിന് പ്രേരിപ്പിക്കുന്നത് ആയിരുന്നു എന്നാരോപിച്ച് ലോയേഴ്‌സ് വോയിസ്, ഹിന്ദു സേന എന്നീ സംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുപുറമെ, വിദ്വേഷ പ്രസംഗങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും നോട്ടീസില്‍ ആവശ്യപ്പെടുന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ഏപ്രില്‍ 13ന് ഇതും പരിഗണിക്കും.