ന്യൂഡല്‍ഹി: വിചിത്രമായ ആവശ്യമുന്നയിച്ച് സുപ്രീം കോടതിയില്‍ ഒരു ഹര്‍ജി.
ലോകത്തിലെതന്നെ ഏറ്റവും വിനാശകാരികളായ കൊതുകുകളെ ഇല്ലാതാക്കാന്‍ ഉത്തരവിടണം എന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
എന്നാല്‍ ഹര്‍ജി പരിഗണിച്ച കോടതി തങ്ങളുടെ നിസഹായാവസ്ഥ വെളിപ്പെടുത്തി.
‘ഞങ്ങള്‍ ദൈവങ്ങളല്ലെന്നും, അവരെക്കൊണ്ടു മാത്രം കഴിയുന്ന കാര്യങ്ങള്‍ ഞങ്ങളോടു ചോദിക്കരുതെന്നും സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് പരാതിക്കാരനായ ധനേഷ് ലഷ്ധനുമുന്നില്‍ കൈമലര്‍ത്തി.
രാജ്യാന്തര തലത്തിലെ കണക്കുകള്‍ പ്രകാരം 7,25,000 പേരാണു കൊതുകുകള്‍ പകര്‍ത്തുന്ന അസുഖങ്ങള്‍ ബാധിച്ചു മരിച്ചതെന്നു ഹര്‍ജിയില്‍ പറയുന്നു.
അതിനാല്‍ കൊതുകുകളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നു സര്‍ക്കാരുകളോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഏതെങ്കിലും കോടതികള്‍ ഉത്തരവിട്ടാല്‍ അധികാരികള്‍ക്കു കൊതുകുകളെ ഇല്ലാതാക്കാവുന്നതാണെന്നു കരുതുന്നില്ലെന്നു കോടതി പറഞ്ഞു.
എല്ലാവരുടെയും വീടുകളില്‍പോയി കൊതുകുണ്ടോയെന്നു ചോദിച്ച് അവയെ ഇല്ലാതാക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ മദന്‍ ബി.ലോകൂറും ദീപക് ഗുപ്തയും അധ്യക്ഷരായ ബെഞ്ച് പറഞ്ഞു.
ഇതിനെ തുടര്‍ന്ന് ധനേഷ് ലഷ്ധനന്റെ ഹര്‍ജി കോടതി തള്ളിക്കളഞ്ഞു.