കൊച്ചി: പീഡന കേസില്‍ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വീട്ടമ്മയുടെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. അതേസമയം വീട്ടമ്മയുടെ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കര്‍ശനമായ ഉപാധികളോടെയെങ്കിലും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.