ഷുഹൈബ് വധം : സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി, വിധി പറയാന്‍ മാറ്റി

കൊച്ചി: മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷുഹൈബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം എന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജി ഹൈക്കോടതി വിധിപറയാന്‍ മാറ്റി. കേസിലുള്ള അന്വേഷണം കാര്യക്ഷമമായി നടക്കുന്നതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന്‌ കാണിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദമാണ് പൂര്‍ത്തിയായത്.

ഷുഹൈബ് വധക്കേസിന്റെ അന്വേഷണം ഒരു വര്‍ഷം മുമ്പ് സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടിരുന്നു. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ജസ്റ്റിസ് ബി കെമാല്‍പാഷ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ്.പി ഷുഹൈബ് 2018 ഫെബ്രുവരി 12-നാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം തട്ടുകടയില്‍ ഇരിക്കുകയായിരുന്ന ഷുഹൈബിനെ അക്രമികള്‍ 37 തവണ വെട്ടിയാണ് മരണം ഉറപ്പാക്കിയത്. സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷത്തിന്റെ ഭാഗമായിരുന്നു കൊല.മുന്‍ ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.

Top