സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാന്‍ ട്രംപ് ഇടപെട്ടെന്ന്

വാഷിംങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു തലവേദനയായി പുതിയ വെളിപ്പെടുത്തല്‍. ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന്റെ ചിത്രങ്ങള്‍ പ്രസിഡന്റിന്റെ ഇടപെടലിനെ തുടര്‍ന്നു സര്‍ക്കാര്‍ ഫോട്ടോഗ്രാഫര്‍ എഡിറ്റ് ചെയ്‌തെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ചടങ്ങില്‍ പങ്കെടുത്തവരുടെ എണ്ണം പെരുപ്പിച്ച് കാട്ടാനാണ് ട്രംപ് ഇടപെട്ടതെന്നാണ്‌ ലഭിച്ചിരിക്കുന്ന വിവരം.

യാഥാര്‍ത്ഥ ചിത്രത്തിലെ ആളില്ലാത്ത ഭാഗങ്ങള്‍ വെട്ടിക്കളഞ്ഞ് കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നാണ്‌ ഔദ്യോഗിക രേഖകള്‍ ഉദ്ധരിച്ചുള്ള വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. 2009ല്‍ ബറാക് ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയവരേക്കാള്‍ കുറച്ചു ജനങ്ങളെ ചിത്രത്തില്‍ കണ്ടപ്പോള്‍, പ്രസിഡന്റായ ആദ്യദിവസം തന്നെ ട്രംപ് ദേഷ്യപ്പെട്ടിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടമാണ് തന്റെ സത്യപ്രതിജ്ഞയ്ക്ക് എത്തിയതെന്നു ട്രംപ് ഭരണകൂടം ലോകത്തോടു പറഞ്ഞത് തെറ്റായിരുന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

170120-trump-obama-inauguration-mn-1315_06a10a678ca44a14b92ee05f347fc69a.nbcnews-ux-2880-1000

2017 ജനുവരി 20ന് ആയിരുന്നു ട്രംപ് അധികാരമേറ്റത്. 21ന് ചിത്രങ്ങളെടുക്കാന്‍ ചുമതലപ്പെട്ട എന്‍പിഎസിന്റെ (നാഷനല്‍ പാര്‍ക് സര്‍വീസ്) ആക്ടിങ് ഡയറക്ടര്‍ മൈക്കിള്‍ റെയ്‌നോള്‍ഡ്‌സുമായി ട്രംപ് ഫോണില്‍ സംസാരിച്ചു. ഇരുവരും തമ്മില്‍ ഇതേ ദിവസം പലതവണ ഫോണ്‍ സംഭാഷണം ഉണ്ടായതായി അന്നത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസറും വ്യക്തമാക്കുന്നു.

ആളില്ലാത്ത ചിത്രങ്ങള്‍ക്കു പകരം കൂടുതല്‍ മനോഹരമായ ചിത്രങ്ങള്‍ ട്രംപ് ആവശ്യപ്പെട്ടെന്നാണു വിവരം ലഭിച്ചിരിക്കുന്നത്. എന്നാല്‍, പുറത്തുവിട്ട ഏതു ചിത്രത്തിലാണ് എഡിറ്റിങ് നടന്നതെന്നതിന്‌ വ്യക്തതയില്ല. ചടങ്ങില്‍ ആളുകള്‍ കുറവായിരുന്നെന്നു സൂചനയുള്ള ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നെങ്കിലും വാഷിംങ്ടണ്‍ അതെല്ലാം നിഷേധിക്കുകയായിരുന്നു.

Top