ന്യൂഡല്‍ഹി:ഹരിയാന കോണ്‍ഗ്രസിന് തിരിച്ചടിയായി മുന്‍ പി.സി.സി അദ്ധ്യക്ഷന്‍ അശോക് തന്‍വാര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് അശോക് തന്‍വാറിന്റെ രാജി.
നിയമസഭയിലേക്കുള്ള സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം രാജിവച്ചത്.പാര്‍ട്ടി കടുത്ത ആന്തരിക വൈരുദ്ധ്യങ്ങള്‍ അനുഭവിക്കുകയാണെന്ന് പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്കയച്ച രാജിക്കത്തില്‍ അശോക് തന്‍വാര്‍ ചൂണ്ടിക്കാട്ടുന്നു.
‘ഇപ്പോള്‍ കോണ്‍ഗ്രസ് വലിയ അസ്തിത്വ പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. രാഷ്ട്രീയ എതിരാളികള്‍ മൂലമല്ല ഇത്. മറിച്ച്, ഗുരുതരമായ ആന്തരിക വൈരുദ്ധ്യങ്ങളാണ് പാര്‍ട്ടി അനുഭവിക്കുന്നത്. ഏറെ മാസങ്ങളായുള്ള ആലോചനകള്‍ക്കു ശേഷമാണ് എന്റെ വിയര്‍പ്പും രക്തവുംകൊണ്ട് വളര്‍ത്തിയ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് രാജിവക്കാന്‍ തീരുമാനിച്ചത്. വ്യക്തികളോടല്ല, പാര്‍ട്ടിയെ നശിപ്പിക്കുന്ന വ്യവസ്ഥയോടാണ്’- തന്റെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത രാജിക്കത്തില്‍ അദ്ദേഹം പറയുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ നേതൃത്വം കോടികള്‍ വാങ്ങി സീറ്റുകള്‍ വില്‍ക്കുകയാണെന്ന് ആരോപിച്ച് അശോക് തന്‍വാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തന്റെ അനുയായികള്‍ക്ക് സീറ്റ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നില്‍ തന്‍വര്‍ പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരുന്നു.