ക്രിക്കറ്റ് ലോകത്തെ നാണം കെടുത്തിയ പന്തുചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട് വിലക്കു നേരിടുന്ന മുന്‍ ഓസിസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തും കാമറോണ്‍ ബാന്‍ക്രോഫ്റ്റും അടുത്തിടെ നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരുന്നു.
തെറ്റ് ചെയ്തത് തങ്ങള്‍ തന്നെയാണെന്ന് സമ്മതിച്ച താരങ്ങള്‍ വെളിപ്പെടുത്തലില്‍ തങ്ങളെ ആ തെറ്റിലേക്ക് നയിച്ച വ്യക്തികളെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചും തുറന്നു പറഞ്ഞിരുന്നു. എന്തുവിലകൊടുത്തും ജയിക്കുക എന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മാനേജ്‌മെന്റിന്റെ സമീപനാണ് തങ്ങളെ ആ കൃത്യത്തിലേക്ക് നയിച്ചതെന്നാണ് അന്ന് താരങ്ങള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അതിന് പിന്നാലെ ആ വെളിപ്പെടുത്തലിനെക്കുറച്ച് വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കുകയുണ്ടായി.
ഇപ്പോഴിതാ സ്റ്റീവന്‍ സ്മിത്തിനോടും കാമറോണ്‍ ബാന്‍ക്രോഫ്റ്റിനോടും വായടയ്ക്കാന്‍ പറഞ്ഞ് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ് രംഗത്തെത്തിയിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ലോകത്ത് എവിടെ പോകുമ്പോഴും നമ്മള്‍ വഞ്ചിതരാണെന്ന കാര്യം ഓര്‍മിക്കപ്പെടുന്നുവെന്നും ഡീന്‍ ജോണ്‍സ് പറയുന്നു.
‘സംഭവത്തെക്കുറിച്ച് വീണ്ടും വീണ്ടും ഓര്‍മിപ്പിച്ച് അവര്‍ നമ്മെ വീണ്ടും ചതിക്കുകയാണ്. സഹതാപം പിടിച്ചുപറ്റാനുള്ള ഈ ശ്രമങ്ങള്‍ തിരിച്ചടിയ്ക്കും. വിലക്കിന്റെ കാലം അവര്‍ ശാന്തമായി നേരിടട്ടെ. അതുവരെ മിണ്ടാതിരിക്കണം’ ജോണ്‍സ് പറഞ്ഞു.