ന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട കേസില്‍ കേരളത്തിനെയും ആന്ധ്രപ്രദേശിനെയും വിമര്‍ശിച്ച് സുപ്രീംകോടതി. രാജ്യത്ത് കൊവിഡ് മൂന്നാം തരംഗത്തിന്റെ ആശങ്ക ഇപ്പോഴും നിലനില്‍ക്കുകയാണ്. ഈ ഘട്ടത്തില്‍ കുട്ടികളെ അപകടത്തില്‍ ആക്കാനാകില്ല. കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ പരീക്ഷ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ സുപ്രീം കോടതി ഇക്കാര്യത്തില്‍ കേരളം നല്‍കിയ സത്യവാങ്മൂലം അംഗീകരിക്കില്ലെന്നും അറിയിച്ചു.
പരീക്ഷ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് കേരളവും ആന്ധ്രപ്രദേശും നല്‍കിയ സത്യവാങ്മൂലങ്ങള്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു കോടതി നിലപാട്. അഞ്ച് ലക്ഷത്തോളം കുട്ടികള്‍ ആന്ധ്രപ്രദേശില്‍ പരീക്ഷ എഴുതുന്നുണ്ടെന്നാണ് ആന്ധ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. 38000 ക്ലാസ് മുറികളാണ് സജ്ജമാക്കിയിട്ടുണ്ടെന്നും കോടതിയില്‍ അഭിഭാഷകന്‍ പറഞ്ഞു.
കൊവിഡ് ആശങ്ക നിലനില്‍ക്കെ എന്തിനാണ് പരീക്ഷ നടത്തണമെന്ന വാശിയെന്നും മറ്റെന്തെങ്കിലും ക്രമീകരണം ബന്ധപ്പെട്ട ബോര്‍ഡുകളുമായി ആലോചിച്ച് ഉണ്ടാക്കിക്കൂടെ എന്നും സുപ്രീം കോടതി ചോദിച്ചു. ആന്ധ്രപ്രദേശിനോട് പറഞ്ഞതെല്ലാം കേരളത്തിനും ബാധകമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സെപ്തംബറില്‍ പരീക്ഷ നടത്തുമെന്നാണ് കേരളം അറിയിച്ചത്. ഇതിന് തയ്യാറാക്കിയ ഷെഡ്യൂളുകളൊന്നും അംഗീകരിക്കത്തക്കതല്ലെന്നും വിദഗ്ധരുമായി കൂടിയാലോചിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
വ്യക്തമായ വിവരങ്ങള്‍ എഴുതി നല്‍കണം. കേസ് നാളെ പരിഗണിക്കുമെന്നും കോടതി അറിയിച്ചു പതിനൊന്നാം ക്‌ളാസ് പരീക്ഷ റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ കുട്ടികളോട് കേരള ഹൈക്കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു