തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ബുധനാഴ്ച തുടങ്ങും. www.hscap.kerala.gov.in എന്ന വെബ്‌പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. മെയ് 18 വരെ അപേക്ഷ സമര്‍പ്പിക്കാം.
ട്രയല്‍ അലോട്ട്‌മെന്റ് മെയ് 25നു നടക്കും. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ ഒന്നിനായിരിക്കും. മുഖ്യ അലോട്ട്‌മെന്റ് ജൂണ്‍ 12ന് അവസാനിക്കും. ജൂണ്‍ 13ന് ക്ലാസുകള്‍ തുടങ്ങും.
ഒരു റവന്യൂ ജില്ലയില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെറിറ്റ് സീറ്റിലേക്ക് സമര്‍പ്പിക്കാന്‍ പാടില്ല. ഒന്നിലധികം ജില്ലയില്‍ പ്രവേശനം തേടുന്നവര്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനു ശേഷം അപേക്ഷയുടെ പ്രിന്റൗട്ടില്‍ വിദ്യാര്‍ഥിയും രക്ഷിതാവും ഒപ്പുവെച്ച് സ്വയം സാക്ഷിപ്പെടുത്തിയ അനുബന്ധ രേഖകള്‍ സഹിതം ബന്ധപ്പെട്ട ജില്ലയിലെ ഏതെങ്കിലും സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സമയത്ത് അപേക്ഷാ ഫീസായ 25 രൂപ അടയ്ക്കണം.
ഒരു ബാച്ചില്‍ 60 കുട്ടികള്‍ എന്ന ക്രമത്തില്‍ ആകെ 422853 സീറ്റാണുള്ളത്. ഇതില്‍ 169140 സീറ്റ് സര്‍ക്കാര്‍ സ്‌കൂളുകളിലും 198120 സീറ്റ് എയ്ഡഡ് മേഖലയിലുമാണ്. 55593 സീറ്റ് അണ്‍ എയ്ഡഡ്/സ്‌പെഷല്‍/റെസിഡന്‍ഷ്യല്‍/ടെക്‌നിക്കല്‍ സ്‌കൂള്‍ മേഖലയിലാണ്. സയന്‍സ് ഗ്രൂപ്പില്‍ ഒമ്പതും ഹ്യുമാനിറ്റീസില്‍ 32ഉം കൊമേഴ്‌സില്‍ നാലും വിഷയ കോമ്പിനേഷനുകളാണുള്ളത്. ഇതില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വോട്ട ഒഴികെയുള്ള സീറ്റിലേക്കുമാണ് ഏകജാലക രീതിയില്‍ പ്രവേശനം.