മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; സര്‍ക്കാര്‍ രണ്ടാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി

കോഴിക്കോട്: മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സര്‍ക്കാരിന് വിശദീകരണം ആരാഞ്ഞ് ഹൈക്കോടതി. രണ്ടാഴ്ച്ചക്കകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. കാര്‍ത്തികേയന്‍ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയും വിശദീകരണം നല്‍കണം. പ്ലസ് വണ്‍ അഡ്മിഷന്‍ ലഭിക്കാത്ത മലപ്പുറം സ്വദേശികളായ വിദ്യാര്‍ഥികളും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും നല്‍കിയ ഹരജിയിലാണ് കോടതി നിര്‍ദേശം.

അതേസമയം, ഒന്നാം സപ്ലീമെന്ററി അലോട്ട്‌മെന്റിന് ശേഷവും മലപ്പുറം ജില്ലയില്‍ പതിനായിരത്തിലധികം കുട്ടികള്‍ക്ക് പ്ലസ് വണിന് സീറ്റ് ലഭിച്ചില്ല. രണ്ടാം അലോട്ട്‌മെന്റ് കഴിഞ്ഞാലും നിരവധി വിദ്യാഥികള്‍ക്ക് സീറ്റ് ലഭിക്കില്ലെന്നാണ് വിലയിരുത്തല്‍. മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിഷേധിച്ച് എം എസ് എഫ് ബാലുശ്ശേരി എഇഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.

പ്ലസ് വണ്‍ ഒന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം 10520 വിദ്യാര്‍ഥികള്‍ക്കാണ് സീറ്റ് ലഭികാത്തത്. പല കുട്ടികളും അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ ചേര്‍ന്ന ശേഷമുള്ള കണക്കാണിത്. 19710 വിദ്യാത്ഥികളാണ് ഒന്നാം അലോട്ട്‌മെന്റിന് അപേക്ഷിച്ചത്. ഇതില്‍ 6005 വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് സീറ്റ് ലഭിച്ചത്. മാനേജ്‌മെന്റ് ക്വാട്ടയിലെ 3184 സീറ്റും മെറിറ്റിലെ 4 സീറ്റുമാണ് ഇനി ബാക്കിയുള്ളത്. ഈ സീറ്റുകളില്‍ അഡ്മിഷന്‍ പൂര്‍ത്തിയായാലും നിരവധി വിദ്യാഥികള്‍ക്ക് സ്‌കൂളില്‍ പഠിക്കാന്‍ അവസരം ലഭിക്കില്ല. മലബാറിലെ മറ്റ് ജില്ലകളിലും നിരവധി വിദ്യാത്ഥികള്‍ക്ക് സീറ്റ് ലഭിച്ചിട്ടില്ല.

മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപെട്ട് എം.എസ്.എഫ് പ്രവര്‍ത്തകര്‍ കോഴിക്കോട് ബാലുശ്ശേരി എ.ഇ.ഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. ഓഫീസിലേക്ക് തള്ളികയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.

Top