മലപ്പുറം: മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാൻ മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു സ്പീക്കർ എഎൻ ഷംസീറിന്റെ സാന്നിധ്യത്തിൽ കട്ജുവിന്റെ വിമർശനം. പ്രശ്നം പരിഹരിക്കാൻ കഴിയാത്തവർ രാജി വെച്ചു വീട്ടിൽ പോകണം. വിദ്യാർത്ഥികളുടെ ജീവിതം വെച്ചാണ് കളിക്കുന്നത്. പരിഹരിച്ചില്ലെങ്കിൽ അടുത്ത തെരുഞ്ഞെടുപ്പിൽ സർക്കാരിനെതിരെ പ്രചാരണവുമായി ഇറങ്ങുമെന്നും സ്പീക്കറോട് കട്ജു പറഞ്ഞു.
അതേസമയം, മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ രണ്ടാം ഘട്ട പ്രക്ഷോഭം തുടങ്ങി. മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ എംഎസ്എഫാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടതെങ്കിലും പ്രതിഷേധം കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലീം ലീഗ് ഉപരോധ സമരത്തിലേക്ക് കടന്നത്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ലീഗിന്റെ ആരോപണം.
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള മൂന്ന് അലോട്ട്മെന്റുകള്‍ കഴിയുമ്പോഴും പാലക്കാട് മുതല്‍ കാസര്‍ക്കോട് വരെയുള്ള ജില്ലകളില്‍ 43000 വിദ്യാര്‍ത്ഥികള്‍ സീറ്റ് കിട്ടാതെ നില്‍ക്കുകയാണ്. മലപ്പുറത്ത് മാത്രം 18000ത്തോളം വിദ്യാര്‍ത്ഥികളാണ് സീറ്റ് കിട്ടാതെ നില്‍ക്കുന്നത്. കഴിഞ്ഞ പ്ലസ് വണ്‍ പ്രവേശനത്തിന് ശേഷം കുട്ടികള്‍ കുറവുള്ള 105 ബാച്ചുകള്‍ സംസ്ഥാനത്തുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതില്‍ 14 ബാച്ചുകള്‍ മലപ്പുറത്തേക്ക് മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ മലബാറില്‍ സീറ്റ് കിട്ടാതെ കുട്ടികള്‍ പ്രതിസന്ധിയിലായിട്ടും കുട്ടികള്‍ കുറവുള്ള ബാക്കി 91 ബാച്ചുകള്‍ പുനര്‍വിന്യസിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല.
സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഈ മാസം 15ന് പൂര്‍ത്തിയാകും. ഇതിന് ശേഷം താലൂക്ക് അടിസ്ഥാനത്തില്‍ മലബാര്‍ ജില്ലകളിലെ പ്ലസ് വണ്‍ പ്രവേശന സ്ഥിതി വിശദമായി പരിശോധിച്ച് അധിക താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് നല്‍കുന്ന വിശദീകരണം.