തിരുവനന്തപുരം: പ്ലസ്ടു, വിഎച്ച്എസ്ഇ പ്രാക്ടിക്കല്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. ജൂലൈ 12നു പരീക്ഷകള്‍ സമാപിക്കും. കര്‍ശന കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക. വിദ്യാര്‍ഥികളുടെ ശരീരോഷ്മാവ് പരിശോധിച്ച ശേഷം ലാബില്‍ പ്രവേശിപ്പിക്കും. കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് നെഗറ്റീവ് ആയ ശേഷം പരീക്ഷ നടത്തും. 2024 പരീക്ഷാകേന്ദ്രങ്ങളിലായി 4.5 ലക്ഷം വിദ്യാര്‍ഥികളാണ് പരീക്ഷയ്‌ക്കെത്തുന്നത്.
കോവിഡ് ചികിത്സാ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന 39 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരീക്ഷ മാറ്റിവച്ചു. ഈ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സമീപത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 12നു ശേഷം പരീക്ഷ നടത്തും. ഇതോടെ ഫലപ്രഖ്യാപനം വീണ്ടും നീളും. ജൂലൈ മൂന്നാം വാരം ഫലം പ്രഖ്യാപിക്കാനാണു വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്.
ശരീരോഷ്മാവു കൂടിയ കുട്ടികള്‍ക്കു പ്രത്യേക മുറിയിലായിരിക്കും പരീക്ഷ. പരീക്ഷയ്ക്കു മുന്‍പും ശേഷവും ഉപകരണങ്ങള്‍ക്ക് അണുനശീകരണം ഉറപ്പാക്കും. ഒരു വിദ്യാര്‍ഥി ഉപയോഗിച്ചതു കൈമാറരുതെന്നും ലാബുകളില്‍ എസി പാടില്ലെന്നും സ്‌കൂളുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈവ, പ്രൊസീജ്യര്‍ എഴുതല്‍ എന്നിവ ലാബിനു പകരം മറ്റു ക്ലാസുകളില്‍ നടത്തണം. വിദ്യാര്‍ഥികളും അധ്യാപകരും ലാബ് അസിസ്റ്റന്റുമാരും ഇരട്ട മാസ്‌ക് ധരിക്കണം.
വിഎച്ച്എസ്ഇയില്‍ എന്‍എസ്‌ക്യുഎഫ് സ്‌കീമിലുള്ള 101 സ്‌കൂളുകളില്‍ കഴിഞ്ഞ തിങ്കളാഴ്ച പരീക്ഷ തുടങ്ങിയിരുന്നു. ബാക്കിയുള്ള 288 സ്‌കൂളുകളിലാണ് ഇന്നു പരീക്ഷ തുടങ്ങുന്നത്. ഫിസിക്‌സ്, കംപ്യൂട്ടര്‍ സയന്‍സ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയ്ക്കു 2 മണിക്കൂറും കെമിസ്ട്രി, മാത്സ്, കംപ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ്, ഇലക്ട്രോണിക്‌സ് എന്നിവയ്ക്ക് ഒന്നര മണിക്കൂറും ബോട്ടണി, സുവോളജി എന്നിവയ്ക്ക് ഒരു മണിക്കൂറുമാണ് സമയം.