പ്ലസ് ടു കോഴക്കേസ്; കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്തു

കണ്ണൂര്‍: പ്ലസ്ടു കോഴ കേസില്‍ കെ എം ഷാജി എംഎല്‍എയെ വിജിലന്‍സ് ചോദ്യം ചെയ്യുന്നു. കണ്ണൂര്‍ വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്താണ് ചോദ്യം ചെയ്യുന്നത്. ഇന്ന് മൂന്ന് മണിയോടു കൂടിയാണ് വിജിലന്‍സ് ഓഫീസില്‍ കെ. എം ഷാജി ചോദ്യം ചെയ്യലിനായി എത്തിയത്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് കേസ്. 17 പേരുടെ മൊഴി ഇതിനോടകം രേഖപ്പെടുത്തി. ഏറ്റവും ഒടുവിലായാണ് കെ.എം ഷജിയെ വിളിപ്പിക്കുന്നത്. അറസ്റ്റുണ്ടാകുമോ എന്ന ചോദ്യത്തിന് മുന്‍വിധികളില്ലെന്നും, ചോദ്യം ചെയ്യല്‍ നടപടിക്രമം മാത്രമാണെന്നും, അറസ്റ്റ് ഭയക്കുന്നില്ലെന്നും കെ എം ഷാജി പ്രതികരിച്ചു. അഴിമതി നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് ഷാജിയ്‌ക്കെതിരായ കേസ്. ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്ന് അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റ് വ്യക്തമാക്കിയതായി വിജിലന്‍സ് പറയുന്നു. എന്നാല്‍ പണം നല്‍കിയിട്ടില്ലെന്നായിരുന്നു മാനേജ്മെന്റ് വാദം.

2013ല്‍ പ്ലസ്ടു കോഴ്‌സ് അനുവദിക്കാനാവശ്യപ്പെട്ട് മാനേജ്‌മെന്റ് വിദ്യാഭ്യാസമന്ത്രിയുടെ പാര്‍ട്ടിയുടെ പ്രാദേശിക നേതൃത്വത്തെ സമീപിച്ചു. സ്‌കൂളിലെ ഒരു തസ്തികയ്ക്ക് വാങ്ങുന്ന പണത്തിന് തുല്യമായ തുക അഴീക്കോട് പൂതപ്പാറയില്‍ ലീഗ് ഓഫീസ് കെട്ടിടം നിര്‍മിക്കാനായി തരണമെന്ന് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടു. 2014-ല്‍ സ്‌കൂളിന് പ്ലസ്ടു ലഭിച്ചു. വാഗ്ദാനംചെയ്ത തുകയ്ക്ക് പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ടപ്പോള്‍ അവരെ കെ.എം.ഷാജി പിന്തിരിപ്പിച്ചു. ഷാജി 25 ലക്ഷം രൂപ നേരിട്ടു വാങ്ങിയെന്ന് പിന്നീടാണറിയുന്നത്. ഇതാണ് ഷാജിക്കെതിരേ പരാതി ഉയരാന്‍ കാരണം. ഇതുസംബന്ധിച്ച് ലീഗ് പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ ലീഗ് നേതൃത്വത്തിന് നല്‍കിയ കത്തിന്റെ കോപ്പിസഹിതം സി.പി.എം കണ്ണൂര്‍ ഏരിയാ കമ്മിറ്റി അംഗം കുടുവന്‍ പത്മനാഭന്‍ 2017-ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Top