ഡല്‍ഹി: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരായ പ്ലസ് ടു കോഴക്കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
കഴിഞ്ഞ ജൂണ്‍ 19 നാണ് അഴീക്കോട് പ്ലസ്റ്റു കോഴ കേസില്‍ മുസ്ലീംലീഗ് നേതാവ് കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. വിജിലന്‍സ് കേസ് റദ്ദാക്കിയതിന് പിന്നാലെ കെ എം ഷാജിക്കെതിരായ ഇ.ഡി നടപടികളും സിംഗില്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ കെഎം ഷാജിക്ക് മാനേജ്‌മെന്റ് കൈക്കൂലി നല്‍കിയെന്നാരോപിച്ചാണ് സിപിഎം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. മുസ്ലീലീഗില്‍ പ്രാദേശികമായി പണം പങ്കിട്ടതിനെ ചൊല്ലിയുള്ള തര്‍ക്കം എന്ന നിലയിലാണ് വിഷയം ആദ്യം ഉയര്‍ന്നത്. എന്നാല്‍ ഇത് പിന്നീട് സിപിഎം ഏറ്റെടുത്തു. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ് കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണ് ഹൈക്കോടതി റദ്ദാക്കിയത്. വിജിലന്‍സ് കേസ് എടുത്തതിന് പിന്നാലെ കെ. എം ഷാജിയുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡിയും ഉത്തരവിട്ടിരുന്നു.
തുടര്‍ന്ന് ഷാജിയുടെയും ഭാര്യയുടെയും സ്വത്തു വകകള്‍ ഇഡി കണ്ടുകെട്ടി. ഇതിനെതിരെ കഴിഞ്ഞ വര്‍ഷം നവംബറിലാണ് കെ എം ഷാജിയും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്. കേസിലെ നടപടികളില്‍ സ്റ്റേ ചെയ്തതിന് പിന്നാലെയാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇ.ഡി കേസും റദ്ദാക്കിയത്. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്ലസ്റ്റു കോഴ കേസ് ആയുധമാക്കിയിരുന്നു. എന്നാല്‍ 2011 മുതല്‍ 2020 വരെ എംഎല്‍എ ആയിരുന്ന കാലയളവില്‍ കെ എം ഷാജി അനധികൃതമായ സ്വത്ത് സമ്പാദിച്ചെന്ന അഡ്വ.ഹരീഷ് എം ആര്‍ നല്‍കിയ പരാതിയിലെ നടപടികള്‍ വിജിലന്‍സ് തുടരുകയാണ്.