ഡെസ്‌ക്കിലെഴുതിയെന്നാരോപിച്ച് അധ്യാപകരുടെ ക്രൂരമര്‍ദനം; വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു

dead

ഹൈദരാബാദ്: ഡെസ്‌കില്‍ എഴുതിയെന്നാരോപിച്ച് അധ്യാപകര്‍ ക്രൂരമായി മര്‍ദിച്ച പ്ലസ്ടു വിദ്യാര്‍ഥി അഞ്ചു നില കെട്ടിടത്തിനു മുകളില്‍നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ഹൈദരാബാദിലായിരുന്നു സംഭവം. വീഴ്ചയില്‍ ഇരുകാലുകളും ഒടിഞ്ഞ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണല്‍ക്കൂനയുടെ മുകളില്‍ വീണതാണ് പരിക്കുകളോടെ രക്ഷപെടാന്‍ ഇടയാക്കിയത്.

ഡെസ്‌കില്‍ കുത്തിവരച്ചതുമായി ബന്ധപ്പെട്ട കുറ്റം അടിച്ചേല്‍പ്പിക്കുകയും കുട്ടിയെ മുറിയില്‍ പൂട്ടിയിട്ട് അധ്യാപകര്‍ മുളവടികൊണ്ട് അടിക്കുകയും ചെയ്തു. പിന്നീട് സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി വിട്ടയക്കുകയാണെന്ന് പ്രിന്‍സിപ്പല്‍ കുട്ടിയെ അറിയിച്ചു.

വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം ധരിപ്പിച്ചു. സംഭവത്തില്‍ മാനസികമായി തകര്‍ന്ന കുട്ടി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. പത്താം ക്ലാസില്‍ 87 ശതമാനം മാര്‍ക്കോടെ ജയിച്ച വിദ്യാര്‍ഥിയാണ് അധ്യാപകരുടെ പീഡനംമൂലം ആശുപത്രികിടക്കയിലായത്.

നിസാരപ്രശ്‌നങ്ങളില്‍പോലും അധ്യാപകര്‍ ക്രൂരമായ പീഡനമാണ് നടത്തുന്നതെന്ന് സ്‌കൂളില മറ്റു വിദ്യാര്‍ഥികളും പറയുന്നു. താമസിച്ച് എത്തിയാലും ക്ലാസില്‍ സംസാരിച്ചാലും മാര്‍ക്ക് കുറവായാലും ഫീസ് അടയ്ക്കാന്‍ താമസിച്ചാലും അധ്യാപകര്‍ ക്രൂരമായി മര്‍ദിക്കുമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പരാതി പറയാന്‍ ശ്രമിച്ചാല്‍ ഇവരെ ലക്ഷ്യമിട്ട് പിന്നീട് ക്രൂരപീഡനമായിരിക്കും നടക്കുകയെന്നും കുട്ടികള്‍ വ്യക്തമാക്കി.

Top