തിരുവനന്തപുരം: വാട്‌സാപ്പ് വഴി ചോര്‍ന്നുവെന്ന് പ്രചരിച്ച ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷ ഫിസിക്‌സ് പരീക്ഷ വീണ്ടും നടത്താന്‍ തീരുമാനം. ചോദ്യ പേപ്പര്‍ ചോര്‍ന്നുവെന്ന് വ്യക്തമായാല്‍ പരീക്ഷ വീണ്ടും നടക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം അടുത്ത ദിവസം തന്നെയുണ്ടാകുമെന്നും വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ചോദ്യ പേപ്പര്‍ വാട്‌സാപ്പ് വഴി ചോര്‍ന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന സൈബര്‍ സെല്‍ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ഫിസിക്സ് പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് തന്നെ ചോദ്യപേപ്പറുകള്‍ വാട്‌സ്ആപ്പ് വഴി പ്രചരിച്ചിരുന്നു വെന്നാണ് വിവരം. തൃശൂര്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് ഇത്തരത്തില്‍ ചോദ്യപേപ്പര്‍ കിട്ടിയതോടെയാണ് സംഭവം പുറത്തറിയുന്നത്.
ചോദ്യങ്ങള്‍ കൈകൊണ്ട് പകര്‍ത്തി എഴുതിയ നിലയിലാണ് പ്രചരിച്ചത്. ഇക്കാര്യം കോ-ഓര്‍ഡിനേറ്റര്‍ ഉടന്‍ തന്നെ മേലുദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മോഡല്‍ എക്സാമിനായി ഈ ചോദ്യപേപ്പര്‍ ഉപയോഗിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വന്നതോടെ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ പരാതിയുമായി സംസ്ഥാന പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു.
തുടര്‍ന്ന് കേസെടുത്ത പൊലീസ് സംഭവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിലെ ചിലരെ ചോദ്യം ചെയ്തതായും വിവരമുണ്ട്. കഴിഞ്ഞ ദിവസം വി.എച്ച്.എസ്.സി പരീക്ഷയുടെ രണ്ട് ചോദ്യ പേപ്പറുകള്‍ ചോര്‍ന്നതും വിവാദമായിരുന്നു. ഇത്തരത്തില്‍ ചോദ്യപേപ്പറുകള്‍ ചോര്‍ത്താന്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായാണ് പൊലീസിന്റെ നിഗമനം.