വെട്ടുകിളി ആക്രമണം; എല്ലാ സംസ്ഥാനങ്ങള്‍ക്കും സഹായം ഉറപ്പാക്കുമെന്ന് മോദി

ന്യൂഡല്‍ഹി:കോവിഡിനിടെ വെട്ടുകിളി ആക്രമണം നേരിടുന്ന എല്ലാ സംസ്ഥാനങ്ങള്‍ക്കും സഹായം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

വെട്ടുകിളികള്‍ക്കെതിരെ ജാഗ്രത വേണം.രാജ്യത്തിന്റെ പലഭാഗങ്ങളും വെട്ടുകിളി ആക്രമണങ്ങള്‍ നേരിടുന്നുണ്ട്. ചെറിയ ഒരു ജീവിക്ക് എത്ര അപകടം ഉണ്ടാക്കാനാവുമെന്നാണ് ഇത് നമ്മളെ ഓര്‍മപ്പെടുത്തുന്നത്. നൂതനവിദ്യകള്‍ സ്വീകരിക്കുന്നതിലൂടെ ഈ പ്രതിസന്ധിയെ മറികടക്കാന്‍ നമുക്ക് സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.കാര്‍ഷിക മേഖലയെ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമം വേണെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജസ്ഥാന്‍, പഞ്ചാബ്. ഹരിയാന മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ചില മേഖലകളാണ് രാജ്യത്ത് വെട്ടുകിളി ആക്രമണം രൂക്ഷമായിരിക്കുന്നത്.

കാറ്റിന്റെ സഞ്ചാരപഥത്തിന് അനുകൂലമായി ദിവസം 150 കിലോമീറ്റര്‍ വരെ ഇവയ്ക്കു സഞ്ചരിക്കാന്‍ സാധിക്കുമെന്നാണു വിലയിരുത്തല്‍. കൃഷിയിടങ്ങളില്‍ സന്ധ്യയോടെ യാത്ര അവസാനിപ്പിച്ച് വിളകള്‍ തിന്ന് വന്‍നാശനഷ്ടമുണ്ടാക്കുകയാണ് ഇവയുടെ രീതി.

രാജസ്ഥാനില്‍ 26 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം കഴിഞ്ഞ വര്‍ഷം മേയിലാണു വെട്ടുകിളി ആക്രമണം ഉണ്ടാകുന്നത്. ഇക്കൊല്ലം ഫെബ്രുവരി വരെ തുടര്‍ന്ന ആക്രമണത്തില്‍ 12 ജില്ലകളിലായി 6,70,000 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണു നശിപ്പിക്കപ്പെട്ടത്. ആയിരം കോടി രൂപയുടെ കൃഷിനാശമാണു കണക്കാക്കിയിരിക്കുന്നത്.

Top