തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച ലക്ഷദ്വീപ് സന്ദര്‍ശനത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി.
ഉച്ചയ്ക്ക് 1.45ഓടെ പ്രത്യേക വിമാനത്തില്‍ എത്തിയ പ്രധാനമന്ത്രിയെ സുരേഷ് ഗോപി എം.പിയും ബി.ജെ.പി നേതാക്കളും ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് ഹെലികോപ്ടറില്‍ അദ്ദേഹം കന്യാകുമാരിയിലേക്ക് തിരിച്ചു.
കന്യാകുമാരിയില്‍ ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിച്ചശേഷം വൈകിട്ട് 4ന് മോദി തിരുവനന്തപുരത്ത് തിരിച്ചെത്തും.
വിമാനത്താവളത്തില്‍ നിന്ന് റോഡ് മാര്‍ഗം പൂന്തുറയിലെത്തുന്ന അദ്ദേഹം 4.40 മുതല്‍ 20 മിനിട്ട് അവിടെ ദുരന്തബാധിതരെയും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളെയും കാണും.
5 മണിയോടെ തൈക്കാട് ഗസ്റ്റ് ഹൗസിലെത്തി മുഖ്യമന്ത്രി, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാര്‍, പ്രധാന ഉദ്യോഗസ്ഥര്‍ എന്നിവരുമായി 45 മിനിട്ട് കൂടിക്കാഴ്ച നടത്തും.
കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിക്കാന്‍ സമയം നല്‍കും. തുടര്‍ന്ന് ഗസ്റ്റ് ഹൗസില്‍10 മിനിട്ട് സംസ്ഥാന ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം വൈകിട്ട് 6നാണ് ഡല്‍ഹിയിലേക്ക് മടങ്ങുക.