പത്മ പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദേശം ചെയ്യാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം

ന്യൂഡല്‍ഹി: 2022 ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യാനുള്ള ജനകീയ പത്മ പുരസ്‌കാരങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദ്ദേശം ക്ഷണിച്ചു. 2021 സെപ്തംബര്‍ 15നാണ് അവസാന തീയതി. യോഗ്യരായുള്ളവരുടെ പേരുകള്‍ സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

‘താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന, എന്നാല്‍ അധികം അറിയപ്പെടാത്ത കഴിവുള്ള ഒട്ടേറെ ആളുകള്‍ രാജ്യത്തുണ്ട്. പലപ്പോഴും അവരെക്കുറിച്ച് നമ്മള്‍ കേട്ടിട്ടുണ്ടാകണമെന്നുപോലുമില്ല. അത്തരം പ്രചോദിപ്പിക്കുന്ന വ്യക്തിത്വങ്ങളെ നിങ്ങള്‍ക്കറിയാമോ? പദ്മ പുരസ്‌കാരങ്ങള്‍ക്കായി നിങ്ങള്‍ക്കവരെ നാമനിര്‍ദേശം ചെയ്യാം. സെപ്റ്റംബര്‍ 15 വരെ  httsp://padmaawards.gov.in  എന്ന സൈറ്റില്‍ നാമനിര്‍ദേശങ്ങള്‍ നല്‍കാം’ എന്നാണ് മോദിയുടെ ട്വീറ്റ്.

പത്മ പുരസ്‌കാരങ്ങളെ പീപ്പിള്‍സ് പത്മ എന്ന പേരിലേക്ക് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയിരുന്നു. പുരസ്‌കാരങ്ങളെ ജനകീയമാക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ നീക്കം. പുരസ്‌കാരത്തിന് യോഗ്യരായവരെ കണ്ടെത്തുന്നതിനായി പ്രത്യേക സമിതിയെ നിയമിക്കണമെന്നും സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.

Top