പ്രധാനമന്ത്രി ഗര്‍ബ നൃത്തം ചെയ്യുന്ന വീഡിയോ ഡീപ്പ് ഫേക്കല്ല; എന്നാല്‍ നൃത്തം ചെയ്യുന്നത് മോദിയുടെ അപരന്‍

ഡല്‍ഹി: ഗര്‍ബ നൃത്തം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഡീപ്പ് ഫേക്കല്ല. എന്നാല്‍ വീഡിയോയിലുള്ളത് പ്രധാനമന്ത്രിയുടെ രൂപ സാദൃശ്യമുള്ള വ്യാപാരി. അടുത്തിടെ ചലചിത്ര താരത്തിന്റെ ഡീപ് ഫേക്ക് വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ഇത്തരം സംഭവങ്ങളേക്കുറിച്ച് പ്രതികരിക്കുന്നതിനിടയിലാണ് പ്രധാനമന്ത്രി താന്‍ ഗര്‍ബ നൃത്തം ചെയ്യുന്ന വീഡിയോ കണ്ടുവെന്ന് പരാമര്‍ശിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപി ആസ്ഥാനത്ത് സംസാരിക്കുന്നതിനിടയിലാണ് ഡീപ് ഫേക് വിഷയത്തില്‍ മോദി പ്രതികരിച്ചത്. ഡീപ് ഫേക് വീഡിയോകള്‍ വലിയ ആശങ്ക സൃഷ്ടിക്കുകയാണെന്നും അത്തരം വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുമ്പോള്‍ മുന്നറിയിപ്പ് നല്‍കാന്‍ ചാറ്റ് ജിപിടി സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി വിശദമാക്കിയിരുന്നു. കൂടാതെ വിവരസാങ്കേതിക നിയമങ്ങള്‍ പ്രകാരമുള്ള പരിഹാരങ്ങള്‍ പ്രയോജനപ്പെടുത്തമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വീഡിയോയിലുള്ളത് വികാസ് മഹാന്തേ എന്ന ബിസിനസുകാരനാണ്. അടുത്തിടെയാണ് വൈറലായ ഗര്‍ബ നൃത്തത്തിലുള്ളത് പ്രധാനമന്ത്രിയല്ല താനാണെന്ന് പ്രതികരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുമായുള്ള സാദൃശ്യം ഒരു തരത്തിലും ദുരുപയോഗിക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നില്ല വീഡിയോ എന്നും വികാസ് പറയുന്നു. അഭിനേതാവും ബിസിനസുകാരനുമായ വികാസിന് ഇത്തരം പരിപാടികളില്‍ അതിഥിയായി ക്ഷണിക്കാറുണ്ട്. അത്തരമൊരു പരിപാടിക്കിടെ നടന്ന നൃത്ത വീഡിയോയാണ് പ്രധാനമന്ത്രിയുടേതെന്ന പേരില്‍ വൈറലായതെന്നും വികാസ് മഹാന്തേ വിശദമാക്കി.

Top