ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക ഉത്തേജക പാക്കേജിനെ പരിഹസിച്ച് മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.തലക്കെട്ട് മാത്രമെഴുതിയ കാലി പേപ്പറാണ് മോദിയുടെ പ്രഖ്യാപനമെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. കാലി പേപ്പര്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ എങ്ങനെയാണ് പൂരിപ്പിക്കുന്നതെന്നാണ് താന്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് ചിദംബരം വിമര്‍ശനവുമായി രംഗത്തെത്തിയത്.
‘ഇന്നലെ പ്രധാനമന്ത്രി ഒരു തലക്കെട്ടും ശൂന്യമായ പേജും നല്‍കി. സ്വാഭാവികമായും, എന്റെ പ്രതികരണം ശൂന്യമായിരുന്നു. ഇന്ന്, ധനമന്ത്രി ശൂന്യമായ പേജ് പൂരിപ്പിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സര്‍ക്കാര്‍ സമ്പദ്വ്യവസ്ഥയിലേക്ക് പ്രഖ്യാപിക്കുന്ന ഓരോ അധിക രൂപയും ഞങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കണക്കാക്കും. ആര്‍ക്ക് എന്ത് ലഭിക്കുമെന്നും നിരീക്ഷിക്കും. സ്വന്തം സംസ്ഥാനങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നടന്നുപോകുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് പ്രതീക്ഷിക്കാനാകുന്നത് എന്താണെന്നും പരിശോധിക്കും. ജനസംഖ്യയുടെ താഴത്തെ പകുതി കുടുംബങ്ങള്‍ക്ക് എന്ത് ലഭിക്കുമെന്നും പരിശോധിക്കും’ അദ്ദേഹം ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് രാജ്യത്തെ സാമ്പത്തിക രംഗം ഉത്തേജിപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്.
മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 10% തുകയാണ് സാമ്പത്തിക പാക്കേജിനായി നീക്കിവെയ്ക്കുന്നത്. പ്രതിസന്ധിയിലായ പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, ഇടത്തരക്കാര്‍, നികുതിദായകര്‍ തുടങ്ങിയവര്‍ക്ക് ആശ്വാസമേകുന്നതാകും പാക്കേജെന്നാണ് സൂചന.
പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കും.
കൊവിഡ് വ്യാപനത്തിന് ശേഷം മൂന്നാമത്തെ പാക്കേജാണ് പ്രഖ്യാപിക്കുന്നത്. ആദ്യം 15000 കോടിയുടെ പാക്കേജും രണ്ടാമത് 1.70 ലക്ഷം കോടിയുടേതുമായിരുന്നു പ്രഖ്യാപനം.