ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രിട്ടനിലെ കോണ്‍വാള്‍ മേഖലയില്‍ നടക്കാനിരിക്കുന്ന ജി-ഏഴ് ഉച്ചകോടിയിലേക്ക് ക്ഷണം. അടുത്ത ജൂണിലാണ് ഉച്ചകോടി നടക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഇന്ത്യ സന്ദര്‍ശിക്കും.
ഏറ്റവും പ്രധാനപ്പെട്ട ജനധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി7. അന്താരാഷ്ട്ര തലത്തിലുള്ള നടപടികളുടെ പ്രേരക ശക്തിയാകാനും വെല്ലുവിളികള്‍ നേരിടാനും ഈ കൂട്ടായ്മയ്ക്ക് ആകും. ലോകം ജി7 കൂട്ടായ്മയെ നോക്കുകയാണ് കൂടുതല്‍ തുറന്നതും ക്ഷേമപ്രഥവുമായ ലോകത്തിനായി – ബോറിസ് ജോണ്‍സണ്‍ പറയുന്നു.
ബ്രിട്ടന്‍, ജര്‍മനി, കാനഡ, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, അമേരിക്ക രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടുന്നതാണ് ജി ഏഴ് രാജ്യങ്ങള്‍. ഇന്ത്യക്ക് പുറമേ ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് ജി-ഏഴ് ഉച്ചകോടിയിലേക്ക് ഇത്തവണ ക്ഷണമുണ്ട്.
മൂന്ന് രാജ്യങ്ങളെയും പ്രത്യേക അതിഥികളാണ് സമ്മേളനത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിനായി ഇന്ത്യയും ബ്രിട്ടനും തമ്മില്‍ കൈകോര്‍ത്തുവെന്നും ഇരു രാജ്യങ്ങളുടെയും സഹകരണം ഇക്കാലയളവില്‍ വര്‍ധിച്ചിട്ടുണ്ടെന്നും ഇതു സംബന്ധിച്ച പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
ഉച്ചകോടിക്ക് മുന്നോടിയായി പങ്കെടുക്കുന്ന രാജ്യങ്ങളിലെ മന്ത്രി തലത്തില്‍ വിവിധ യോഗങ്ങള്‍ നടക്കും. സാമ്പത്തിക രംഗം, പരിസ്ഥിതി, ആരോഗ്യം, ടെക്‌നോളജി, വിദേശനയം എന്നീ വിഷയങ്ങളില്‍ എല്ലാം മന്ത്രിതല ചര്‍ച്ചകള്‍ നടക്കും.