ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഭയം വേണ്ട, കരുതലും ജാഗ്രതയും വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി.
രോഗത്തിന്റെ തീവ്രാവസ്ഥയ നേരിടാന്‍ രാജ്യം സുസജ്ജമാണ്. 18 ലക്ഷം ഐസലേഷന്‍ ബെഡുകളുണ്ട്. 90 ലക്ഷം ഐസിയു, നോണ്‍ ഐസിയു ബെഡുകള്‍ ലഭ്യമാണന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലും ആവശ്യത്തിനു മരുന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത പര്യാപ്തമാണ്, 4 ലക്ഷം സിലിണ്ടറുകള്‍ വിതരണം ചെയ്തു. വാക്‌സീന്‍ ലഭ്യതയും വിതരണവും ഉറപ്പുവരുത്താന്‍ സദാസമയവും പരിശ്രമിക്കുകയാണ്. വാക്‌സിനേഷന്‍ നടപടികള്‍ അതിവേഗം പൂര്‍ത്തീകരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
തദ്ദേശീയമായി വികസിപ്പിച്ച നേസൽ വാക്സീനും ഡിഎന്‍എ വാക്സീനും വൈകാതെ ലഭ്യമാകും. ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും ഗോവയും ഒന്നാം ഡോസ് വാക്സിനേഷൻ പൂർത്തീകരിച്ചു. കുട്ടികൾക്കു വാക്സീന് അനുമതിയായി. ജനുവരി മൂന്ന് മുതൽ കുട്ടികൾക്കു വാക്സീൻ നൽകാം. 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കാണു വാക്സീൻ നൽകുക.
My address to the nation. https://t.co/dBQKvHXPtv
— Narendra Modi (@narendramodi) December 25, 2021
ജനുവരി 10 മുതൽ ആരോഗ്യപ്രവർത്തകർക്കു ബൂസ്റ്റർ ഡോസ് നൽകും. 60 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്കും ജനുവരി 10 മുതൽ ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.