ന്യൂഡല്‍ഹി: പഞ്ചാബില്‍ കര്‍ഷകപ്രതിഷേധത്തെ തുടര്‍ന്ന് റോഡില്‍ കുടുങ്ങിയതില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാത്തിന്‍ഡ വിമാനത്താവളത്തില്‍ തിരിച്ചെത്തിയതിന് ശേഷം ഉദ്യോഗസ്ഥരോടായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ഭാത്തിന്‍ഡ വിമാനത്താവളത്തില്‍ ജീവനോടെ തിരിച്ചെത്തിയതില്‍ നിങ്ങളുടെ മുഖ്യമന്ത്രിയോട് നന്ദി പറയണമെന്ന് മോദി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ പഞ്ചാബില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധം മൂലം 20 മിനിറ്റ് ഫ്‌ലൈഓവറില്‍ പ്രധാനമന്ത്രി കാത്തുകിടക്കേണ്ടി വന്ന സാഹചര്യം ഗുരുതരമാണ്. വലിയ സുരക്ഷവീഴ്ചയാണ് പഞ്ചാബിലുണ്ടായത്. ഇതിന് പിന്നാലെ പഞ്ചാബിലെ പരിപാടികള്‍ റദ്ദാക്കി പ്രധാനമന്ത്രി മടങ്ങിയെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.
പഞ്ചാബിലെ സുരക്ഷാവീഴചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാറിനോട് വിശദീകരണം തേടി. പഞ്ചാബിലെ മോദിയുടെ പരിപാടിയെ കുറിച്ച് നേരത്തെ തന്നെ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നു. അതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ പഞ്ചാബ് ബാധ്യസ്ഥരാണ്. എന്നാല്‍, ഇത് ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി.
കാലാവസ്ഥ മോശമായതിനാലാണ് ദേശീയ രക്തസാക്ഷി മെമ്മോറിയലിലേക്ക് പ്രധാനമന്ത്രി റോഡിലൂടെ പോകാന്‍ തീരുമാനിച്ചത്. മുന്‍കൂട്ടി ഇക്കാര്യം പഞ്ചാബ് ഡി.ജി.പിയെ അറിയിക്കുകയും ചെയ്തു. എന്നാല്‍ മെമ്മോറിയല്‍ എത്തുന്നതിന് 30 കിലോമീറ്റര്‍ മുമ്പ് ഫ്‌ലൈഓവറില്‍ പ്രധാനമന്ത്രി കുടുങ്ങുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു