തമിഴകത്ത് താരപ്പോരിന് കളമൊരുങ്ങി ! ശക്തി പ്രകടിപ്പിക്കാൻ അവർ ഇറങ്ങുന്നു

ജനീകാന്തിനെ ചുറ്റിപറ്റിയാണ് തമിഴക രാഷ്ട്രീയമിപ്പോള്‍ ചുറ്റികറങ്ങുന്നത്. രജനി രാഷ്ട്രീയത്തില്‍ ഇറങ്ങും എന്ന കാര്യത്തിലല്ല അത് ഡി.എം.കെയെ എങ്ങനെ ബാധിക്കുമെന്നതാണ് ചര്‍ച്ച.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റൊഴികെ മൊത്തവും തൂത്ത് വാരിയത് ഡി.എം.കെ മുന്നണിയാണ്. നിലവില്‍ അതിശക്തമായ പ്രതിപക്ഷമാണ് ഈ മുന്നണി. ഭരണപക്ഷമായ അണ്ണാ ഡി.എം.കെയുടെ അവസ്ഥ ഏറെ പരിതാപകരമാണ്. സര്‍ക്കാര്‍ എങ്ങനെയെങ്കിലും കാലാവധി തികയ്ക്കുക എന്ന ഒറ്റ അജണ്ട മാത്രമേ ഈ പാര്‍ട്ടിക്കിപ്പോഴുള്ളൂ.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിഭാഗവും ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം വിഭാഗവും തമ്മിലുള്ള ശീതസമരവും ശക്തമാണ്. ലോക്‌സഭയിലേക്ക് ജയിച്ച ഏക എം.പി പനീര്‍ശെല്‍വത്തിന്റെ മകന്‍ ഒ.പി. രവീന്ദ്രനാഥ് കുമാറാണ്. മകനെ കേന്ദ്ര സഹമന്ത്രിയാക്കാന്‍ പഠിച്ച പണി പതിനെട്ടും പനീര്‍ശെല്‍വം പയറ്റിയിരുന്നു. എന്നാല്‍ എടപ്പാടി വിഭാഗത്തിന്റെ പാരയില്‍ അതും പൊലിഞ്ഞു.

ബി.ജെ.പിയെ സംബന്ധിച്ച് രണ്ട് വിഭാഗത്തോടും സമദൂര നിലപാടാണ് നിലവില്‍ സ്വീകരിച്ചിരിക്കുന്നത്. ഇനി ഒരവസരം അണ്ണാ ഡി.എം.കെയ്ക്ക് ലഭിക്കുമെന്ന് ബി.ജെ.പി നേതൃത്വം പോലും കരുതുന്നില്ല. അതുകൊണ്ട് തന്നെ തന്ത്രപരമാണ് അവരുടെ സമീപനം. നിലവിലെ ദ്രാവിഡ രാഷ്ട്രീയത്തെ പൊളിച്ചാല്‍ മാത്രമേ കാവി രാഷ്ട്രീയത്തിന് തമിഴകത്ത് കടന്ന് കയറാന്‍ കഴിയൂ എന്നാണ് ബി.ജെ.പി കരുതുന്നത്. അതിനായി അവര്‍ പ്രതീക്ഷയോടെ നോക്കി കാണുന്നത് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെയാണ്.

മോദിയെയും അമിത് ഷായെയും അര്‍ജുനനും- ശ്രീകൃഷണനുമായി ചിത്രീകരിച്ച രജനിയുടെ നടപടി ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ രജനി പിന്തുണച്ചതും കാവിപടയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്.

രജനിയെ മുന്‍നിര്‍ത്തി തമിഴക ഭരണം പിടിക്കാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി എന്ന രജനിയുടെ ചിന്തക്ക് പിന്നില്‍ പോലും സുഹൃത്തായ ആര്‍.എസ്.എസ് സൈതാന്തികന്റെ ബുദ്ധിയാണ്. ബി.ജെ.പിയോട് മുഖം തിരിക്കുന്ന ദ്രാവിഡ മണ്ണില്‍ രജനി പ്രാദേശിക പാര്‍ട്ടി രൂപീകരിച്ചാലാണ് നേട്ടമുണ്ടാകുക എന്നാണ് ആര്‍.എസ്.എസ് കരുതുന്നത്. രജനിയുടെ പാര്‍ട്ടിയോടും ധാരണയിലെത്തി ബി.ജെ.പിക്ക് മത്സരിക്കാന്‍ കഴിയുമെന്നും ആര്‍.എസ്.എസ് നേതൃത്വം കണക്ക് കൂട്ടുന്നു.

അതേസമയം ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായ്ക്ക് രജനി ബി.ജെ.പിയുടെ ഭാഗമായി മത്സരിക്കണമെന്ന ആഗ്രഹമാണുളളത്. രജനിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭരണം പിടിക്കാമെന്നതാണ് ഷായുടെ കണക്ക് കൂട്ടല്‍. കേന്ദ്രത്തിലെ അനുകൂല സ്ഥിതി തമിഴകത്തും നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് അദ്ദേഹം. എന്നാല്‍ പ്രധാനമന്ത്രി മോദിയാകട്ടെ രജനി തന്നെ തീരുമാനം എടുക്കട്ടെ എന്ന നിലപാടിലാണ്. എന്ത് തീരുമാനം രജനി സ്വീകരിച്ചാലും പൂര്‍ണ പിന്തുണയാണ് ബി.ജെ.പി കേന്ദ്ര നേതൃത്വം വാഗ്ദാനം ചെയ്തിരിക്കുന്നത്.

പുതുതായി പുറത്തിറങ്ങുന്ന മുരുകദോസിന്റെ ദര്‍ബാര്‍ സിനിമയ്ക്ക് ശേഷം നിര്‍ണ്ണായക രാഷ്ട്രീയ നീക്കം നടത്താനാണ് രജനിയുടെ തീരുമാനം. മറ്റു പാര്‍ട്ടികളില്‍ നിന്നും മാത്രമല്ല, സിനിമാരംഗത്ത് നിന്നു പോലും പ്രമുഖര്‍ രജനിക്കൊപ്പം ചേരുമെന്നാണ് ലഭിക്കുന്ന സൂചന. അതേസമയം നടന്‍ കമല്‍ഹാസനും നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇപ്പോള്‍ അണിയറയില്‍ സജീവമാണ്.

കമലിന്റെ മക്കള്‍ നീതിമയ്യം പാര്‍ട്ടിക്ക് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റൊന്നും കിട്ടിയില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞിരുന്നു. മിക്കയിടത്തും മൂന്നാമതെത്താനും നല്ലൊരു പങ്ക് വോട്ട് നേടാനും മക്കള്‍ നീതിമയ്യത്തിന് സാധിച്ചിട്ടുണ്ട്. എ.ഐ.എ.ഡി.എം.കെ. വിമതനായ ടി.ടി.വി. ദിനകരന്‍ കുറേ വോട്ടുകള്‍ പിടിച്ചെങ്കിലും പ്രതീക്ഷിച്ച മുന്നേറ്റത്തിന് സാധിച്ചിരുന്നില്ല. ജയലളിതയുടെ വിയോഗമാണ് അണ്ണാ ഡി.എം.കെ. നേരിട്ട തിരിച്ചടിക്ക് പ്രധാന കാരണം. പാര്‍ട്ടിയില്‍ ചോദ്യം ചെയ്യപ്പെടാത്ത നേതാവില്ലാത്ത അവസ്ഥ അണികളില്‍ വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്.

കരുണാനിധിയുടെ അസാന്നിധ്യത്തിന് പകരം സ്റ്റാലിനെ ജനങ്ങള്‍ അംഗീകരിച്ചതായി ഈ തെരഞ്ഞടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്. കലൈഞ്ജര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്റ്റാലിന്‍ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയുമായിരുന്നു അദ്ദേഹം. എന്നാല്‍, ജയലളിതയുടെ കാലത്ത് രണ്ടാമതൊരു നേതാവ് അണ്ണാ ഡി.എം.കെ.യില്‍ ഇല്ലായിരുന്നു. ഒന്നാമത്തെയും രണ്ടാമത്തെയുമെല്ലാം നേതാവ് ജയലളിത തന്നെയായിരുന്നു.

ആദ്യത്തെ അകല്‍ച്ചമാറി എടപ്പാടി പളനിസ്വാമിയും പനീര്‍സെല്‍വവും ഒന്നായി നിന്നെങ്കിലും അണികള്‍ അത് പൂര്‍ണമായും സ്വീകരിച്ചിട്ടില്ല. ടി.ടി.വി. ദിനകരന്റെ വിട്ടുപോകലും തിരിച്ചടിയായി. എന്നാല്‍, മത്സരിച്ച 39 മണ്ഡലങ്ങളില്‍ ഒന്നില്‍പ്പോലും കെട്ടിവെച്ച പണം ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റക്കഴകത്തിന് ലഭിച്ചില്ലെന്നതും എടുത്തുപറയേണ്ട കാര്യമാണ്. സംസ്ഥാന ഭരണത്തിനെതിരേ പ്രത്യേകിച്ച്, ജനവികാരമൊന്നും ഇല്ലാതിരുന്നിട്ടും അണ്ണാ ഡി.എം.കെ.യ്ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയേറ്റു എന്നതാണ് ശ്രദ്ധേയമായ കാര്യം.

ജയലളിത കൊണ്ടുവന്ന എല്ലാ ക്ഷേമപദ്ധതികളും എടപ്പാടി സര്‍ക്കാര്‍ തുടര്‍ന്നിട്ടും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അത് പ്രതിഫലിച്ചില്ല എന്നത് വലിയ തിരിച്ചടിയാണ്. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിലും അതുകൊണ്ടു തന്നെ അത്ഭുതമൊന്നും അണ്ണാ ഡി.എം.കെ നേതാക്കള്‍ പ്രതീക്ഷിക്കുന്നില്ല. ഇവരില്‍ ഒരു വിഭാഗമിപ്പോള്‍ രജനിക്കൊപ്പം പോകാനാണ് ശ്രമം നടത്തുന്നത്.

ഇതിനിടെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്‍പ് പുറത്തിറങ്ങുന്ന ഇന്ത്യന്‍ 2 എന്ന സിനിമ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കമല്‍ഹാസന്റെ കരുനീക്കം. ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരു ട്രയല്‍ ആയിരുന്നുവെന്നും യഥാര്‍ത്ഥ പ്രകടനം നിയമസഭ തെരഞ്ഞെടുപ്പില്‍ കാണാമെന്നുമാണ് കമല്‍ വെല്ലുവിളിച്ചിരിക്കുന്നത്.

രജനി ഉയര്‍ത്തുന്ന ഭീഷണി തടയാന്‍ കമലിനെ ഒപ്പം കൂട്ടണമെന്ന ആവശ്യം ഡി.എം.കെ മുന്നണിയിലും ഇപ്പോള്‍ ശക്തമാണ്. സി.പി.എമ്മാണ് ഇക്കാര്യത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ന്യൂനപക്ഷ സമൂഹത്തിനിടയില്‍ പോലും വലിയ സ്വീകാര്യത കമലിനുണ്ടെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുഖം തിരിച്ച ഡി.എം.കെ ഇക്കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം.

കമലിന്റെ പാര്‍ട്ടി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എഫക്ടല്ല കമല്‍ നേരിട്ട് മത്സരിക്കാന്‍ പോവുന്ന തെരഞ്ഞെടുപ്പില്‍ എന്തായാലും ഉണ്ടാകാന്‍ പോകുന്നത്. ഇക്കാര്യം രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യന്‍ 2 വിലൂടെ രാഷ്ട്രീയത്തിലെ അഴിമതി വിരുദ്ധ പോരാളിയായാണ് കമല്‍ അവതരിക്കുക. സിനിമയെ രാഷ്ട്രീയത്തേക്കാള്‍ ഉപരി സ്‌നേഹിക്കുന്ന തമിഴ് മനസ്സുകളെ ആകര്‍ഷിക്കാന്‍ ഇത് മതിയാകുമെന്നതാണ് കമല്‍ അനുയായികളും കരുതുന്നത്.

തമിഴ് സിനിമയില്‍ കളക്ഷനില്‍ രാജാവ് രജനിയും അവാര്‍ഡില്‍ ജേതാവ് കമലും എന്നതാണ് നിലവിലെ സ്ഥിതി. ആരാധകരുടെ കാര്യത്തില്‍ രജനിയാണ് ബഹുദൂരം മുന്‍പിലെങ്കിലും കമലും ഇപ്പാള്‍ ഒട്ടും മോശമല്ല. സേവന രംഗത്ത് രജനിയേക്കാള്‍ ശ്രദ്ധ കമല്‍ഹാസനാണ് നിലവില്‍ കൊടുക്കുന്നത്. ഇടപെടലുകളുടെ കാര്യത്തിലും അതു തന്നെയാണ് സ്ഥിതി. സിനിമയിലെ താര പോരാട്ടം രാഷ്ട്രീയത്തിലേക്ക് കൂടി വരുന്നതോടെ വാശിയേറിയ മത്സരത്തിനാണ് തമിഴകം ഇനി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

Political Reporter

Top