ജലക്ഷാമം പരിഹരിക്കാൻ പ്രധാനമന്ത്രി നടപ്പാക്കാൻ ഉദ്യേശിക്കുന്നത് ഇതാണ് !

ന്ത്യയിലെ ജലക്ഷാമം പരിഹരിക്കാന്‍ മോദി സര്‍ക്കാര്‍ സ്വീകരിക്കാന്‍ പോകുന്നത് ഇസ്രയേല്‍ ടെക്നോളജിയെന്ന് സൂചന. കടുത്ത ജലക്ഷാമത്തില്‍ നിന്നും രാജ്യത്തെ ജല സമ്പന്നമാക്കിയ ചരിത്രമാണ് ഇസ്രയേലിനുള്ളത്. ഇത് സ്വയം നിര്‍മ്മിച്ച സാങ്കേതിക വിദ്യകളെ അടിസ്ഥാനമാക്കിയായിരുന്നു.

ജല സംരക്ഷണവുമായി ബന്ധപ്പെട്ട് ലോകത്ത് തന്നെ മികച്ച മാതൃകയാണ് ഇസ്രയേലിനുള്ളത്. പാഴ് ജലം ശദ്ധീകരിച്ചുള്ള പുനരുപയോഗത്തില്‍ ലോകത്തിലെ നമ്പര്‍ വണ്‍ ടെക്നോളജിയാണത്. കടല്‍വെള്ളം കുടിവെള്ളമാക്കാന്‍ സെക്കന്റുകള്‍ മാത്രമാണ് വേണ്ടിവരുന്നത്. ഇതിനായി കൂറ്റന്‍ പ്ലാന്റുകള്‍ തന്നെ ആ രാജ്യത്ത് നിലവിലുണ്ട്. സ്വന്തം പരിമിതികളെ കണ്ടെത്തലിലൂടെ മറികടന്ന ആ മാതൃകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യക്കായി കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. എല്ലാ വീട്ടിലും കുടിവെള്ളമെത്തിക്കാന്‍ മൂന്നര ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ 70 വര്‍ഷം ചെയ്തതിന്റെ നാലിരട്ടി പ്രവര്‍ത്തനം അടുത്ത അഞ്ചു വര്‍ഷം ജല സംരക്ഷണത്തിനായി വേണമെന്നാണ് പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. നദികളാല്‍ സമ്പന്നമായ രാജ്യത്താണ് ഈ ദയനീയാവസ്ഥയെന്നതും നാം ഓര്‍ക്കണം. രാജ്യത്തെ പകുതിയിലേറെ വീടുകളിലാണ് ഇന്ന് കുടിവെള്ളം കിട്ടാതെ ഉലയുന്നത്. മിക്കയിടങ്ങളിലും സ്ത്രീകള്‍ കിലോമീറ്ററുകളോളം നടന്ന് തലച്ചുമടായാണ് വെള്ളം കൊണ്ടുവരുന്നത്. ഇക്കാര്യം ഓര്‍മ്മിപ്പിച്ചായിരുന്നു നിര്‍ണ്ണായക പ്രഖ്യാപനം പ്രധാനമന്ത്രി നടത്തിയിരിക്കുന്നത്.

ജലസംരക്ഷണം, ജലസേചനം, മഴവെള്ളകൊയ്ത്ത്, കടല്‍ വെള്ള സംസ്‌ക്കരണം, മലിനജല സംസ്‌ക്കരണം എന്നീ മേഖലകള്‍ മുന്‍ നിര്‍ത്തിയാണ് പദ്ധതികള്‍. കര്‍ഷകര്‍ക്ക് വേണ്ടി സൂക്ഷമ ജലസേചേന പരിപാടിയും കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി ഇന്ന് ലോകത്ത് ലഭിക്കാവുന്ന ഏറ്റവും മികച്ച ടെക്നോളജിയെ തന്നെയാണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

ഇസ്രയേല്‍ സന്ദര്‍ശനവേളയില്‍ ഇതേ കുറിച്ച് ഏറെ പഠിക്കാന്‍ മോദി പ്രത്യേകം ശ്രദ്ധ കൊടുത്തിരുന്നു. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചിമിന്‍ നെതന്യാഹുമൊത്ത് അദ്ദേഹം കടല്‍ തീരത്ത് പോയതും വെള്ളം ശുദ്ധീകരിക്കുന്ന ജീപ്പില്‍ യാത്ര ചെയ്തതുമെല്ലാം ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാന്‍ കഴിയുന്നൊരു ജീപ്പാണ് ബഞ്ചമിന്‍ മോദിക്കായി ഇന്ത്യാ സന്ദര്‍ശന വേളയില്‍ സമ്മാനിച്ചിരുന്നത്. അഹമ്മദാബാദ് ജില്ലയിലെ സൂയിഗാം ഗ്രമത്തിന് വേണ്ടി പിന്നീട് ഈ വാഹനം കൈമാറുകയുണ്ടായി. ഇന്ത്യ-പാക് അതിര്‍ത്ഥിയിലിള്ള ഗ്രമമാണ് സൂയിഗാം. അതുകൊണ്ട് തന്നെ സൈനികര്‍ക്കും ഇതിന്റെ ഗുണം ലഭിക്കുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ മാനദണ്ഡം പാലിക്കുന്ന ശുദ്ധജലമാണ് ‘വാട്ടര്‍ജീപ്പ്’ വിഭാവനം ചെയ്യുന്നത്.

ഇസ്രായേലില്‍ നിര്‍മ്മിച്ച ‘ഗാല്‍ മൊബൈല്‍’ എന്ന് പേരുള്ള ഈ ജീപ്പ് കൂടുതലായി വാങ്ങാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. നേരത്തെ മോദി ഇസ്രായേല്‍ സന്ദര്‍ശന വേളയില്‍ മെഡിറ്ററേനിയന്‍ തീരത്ത് വച്ച് ജീപ്പിന്റെ പ്രവര്‍ത്തന രീതി ചോദിച്ച് മനസിലാക്കുകയും ഈ സാങ്കേതിക വിദ്യയില്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ജീപ്പ് സാമ്പിളായി ഇന്ത്യയിലെത്തിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി തന്നെ തീരുമാനിച്ചിരുന്നത്.

ഏകദേശം 71 ലക്ഷം രൂപയോളമാണ് ഈ ജീപ്പിന്റെ വില. ഒരു ദിവസം 20,000 ലീറ്റര്‍ കടല്‍ ജലവും 80,000 ലീറ്റര്‍ നദി ജലവും ശുദ്ധീകരിക്കാനാകുമെന്നാണ് ഇസ്രായേല്‍ അവകാശപ്പെടുന്നത്. 1540 കിലോഗ്രാം ഭാരമുള്ള ജീപ്പിന് മണിക്കൂറില്‍ 90 കിലോമീറ്ററാണ് പരമാവധിയുള്ള വേഗത. വാട്ടര്‍ ജീപ്പിന് പുറമെ ജലശുദ്ധീകരണത്തിനായി ഇസ്രയേല്‍ സഹായത്തോടെ വിവിധ പ്ലാന്റുകള്‍ സ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ നിലവില്‍ പദ്ധതികള്‍ തയ്യാറാക്കി വരികയാണ്.

എണ്ണ-പ്രകൃതിവാതക മേഖല, സൈബര്‍ സുരക്ഷ, വ്യോമഗതാഗതം, സിനിമ, ഹോമിയോപ്പതി, ബഹിരാകാശം, നിക്ഷേപം, സൗരോര്‍ജ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളില്‍ നിലവില്‍ ഇന്ത്യ-ഇസ്രയേല്‍ കരാറുണ്ട്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും 2018ല്‍ ഹൈദ്രാബാദ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇത് സംബന്ധമായ കരാറില്‍ ഒപ്പുവെച്ചിരുന്നത്.

സംയുക്തസംരംഭങ്ങള്‍, ഗവേഷണം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ സഹകരണം തുടങ്ങിയവയ്ക്കുവേണ്ടിയാണ് എണ്ണ-പ്രകൃതിവാതക രംഗത്തെ കരാര്‍ ലക്ഷ്യമിടുന്നത്. സൈബര്‍സുരക്ഷാരംഗത്ത് വിദഗ്ധപരിശീലനം, മാനവശേഷി വികസനം തുടങ്ങിയവയാണ് സൈബര്‍സുരക്ഷാ കരാറിലൂടെ ഉദ്ദേശിക്കുന്നത്.

വ്യോമഗതാഗതരംഗത്ത് സഹകരണം വര്‍ധിപ്പിക്കാനും. ഇരുരാജ്യങ്ങളിലെയും ചലച്ചിത്രമേഖലയ്ക്ക് ഗുണകരമാകുന്ന നിലയില്‍ സംയുക്ത സിനിമാനിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള കരാറിലും ഇരു രാഷ്ട്രങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. ഇന്ത്യന്‍ സിനിമകള്‍ ഇസ്രയേലില്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കാറുണ്ട്. ഇത് സംയുക്ത നിര്‍മാണ സംരംഭങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് പുതിയ കരാര്‍.

ഹോമിയോപ്പതി ഔഷധരംഗത്ത് സംയുക്തഗവേഷണവും ഇരു രാഷ്ട്രങ്ങളും പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനായി ഒരു സംയുക്തപ്രവര്‍ത്തന ഗ്രൂപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലും നിക്ഷേപ സംരംഭങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ധാരണാപത്രത്തിലും കഴിഞ്ഞവര്‍ഷം ഒപ്പുവെച്ചിരുന്നു. ഇസ്രയേല്‍ ടെക്നോളജിയെ കൂട്ട്പിടിക്കുന്നതിലൂടെ രാജ്യത്ത് രൂക്ഷമായ ജലക്ഷാമം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.

Top