ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും തിരംഗ യാത്ര നടത്താനൊരുങ്ങി ബിജെപി.
സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന പ്രചരണ പരിപാടിക്കാണ് ബിജെപി തുടക്കം കുറിക്കുന്നത്. ഓഗസ്ത് 16 മുതല്‍ 31 വരെയാവും തിരംഗ യാത്ര.
ദേശീയ സംസ്ഥാന നേതാക്കള്‍ തിരംഗ യാത്രയില്‍ പങ്കെടുക്കും. ബിജെപി എംപിമാരാവും അതാത് ലോകസഭ മണ്ഡലങ്ങളില്‍ പ്രചരണത്തിന് നേതൃത്വം നല്‍കുക.
വന്ദേ മാതരവും ഭാരത്മാത് കി ജയ് വിളികളുമായി തിരംഗ യാത്ര നടത്തുന്ന പ്രവര്‍ത്തകര്‍ ദേശീയത പ്രചരണത്തിന്റെ ഭാഗമായി ത്രിവര്‍ണ പതാകയും വീടുകളില്‍ സ്ഥാപിക്കും.
പ്രചാരണ പരിപാടിയില്‍ ഓരോ മേഖലയിലെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വീടുകള്‍ കയറി പ്രചരണം നടത്തും.
2016ലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യ തിരംഗ യാത്രയ്ക്ക് തുടക്കം കുറിച്ചത്. മധ്യപ്രദേശിലെ അലിരാജ്പൂരില്‍ നിന്നായിരുന്നു യാത്ര.
കഴിഞ്ഞ വര്‍ഷം ഏഴ് ദിവസം നീണ്ടു നില്‍ക്കുന്ന യാത്രയാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയതെങ്കില്‍ ഈ വര്‍ഷം അത് രണ്ടാഴ്ചയായി വര്‍ധിപ്പിക്കണമെന്നാണ് പ്രധാനമന്ത്രി അണികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.