ഹൈദരാബാദ്: രാജ്യത്ത് ഡിജിറ്റല്‍ ഇന്ത്യ വന്‍ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതിക വിദഗ്ദ്ധരുടെ എണ്ണത്തില്‍ മാത്രമല്ല, സാങ്കേതിക കണ്ടുപിടിത്തങ്ങളുടെ കാര്യത്തിലും ഇന്ത്യ ഒന്നാമതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. വേള്‍ഡ് കോണ്‍ഗ്രസ് ഓണ്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോണ്‍ക്ലേവ് ഡല്‍ഹിയില്‍നിന്ന് വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ലോകം ഇന്ന് ഡിജിറ്റല്‍ ഇന്ത്യ എന്ന ലക്ഷ്യം കുറിക്കലിലൂടെ ലോകത്തിന്റെ മുഴുവന്‍ ടെക്‌നോളജി ഹബായി മാറുകയാണെന്നും മോദി പറഞ്ഞു. മൂന്നര വര്‍ഷത്തെ രാജ്യത്തിന്റെ നേട്ടമാണിത്. പദ്ധതി സര്‍ക്കാരിന്റേതാണെങ്കിലും വിജയം ജനങ്ങളുടെ പങ്കാളിത്തംകൊണ്ടാണ്. ഡിജിറ്റല്‍ ഇന്ത്യ എന്നത് സങ്കല്‍പ്പമോ പദ്ധതിയോ അല്ല ജീവിത രീതിയായിക്കഴിഞ്ഞു പ്രധാനമന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ സാക്ഷരത എല്ലാ വീടുകളിലുമെത്തിക്കാനായി. ഗ്രാമീണ ഇന്ത്യയില്‍ പ്രധാനമന്ത്രി റൂറല്‍ ഡിജിറ്റല്‍ ലിറ്ററസി മിഷന്‍ വഴി 60 കോടി മുതിര്‍ന്നവരെ ഡിജിറ്റല്‍കാര്യങ്ങളില്‍ അറിവുള്ളവരാക്കാന്‍ ലക്ഷ്യമിട്ടു. ഇവരില്‍ 10 കോടിപ്പേരെ പരിശീലിപ്പിച്ചുകഴിഞ്ഞു. ഇന്ത്യയെ ഡിജിറ്റല്‍ ആക്കുന്ന പദ്ധതി പുരോഗമിക്കുകയാണ്. 2014 ല്‍ രണ്ട് മൊബൈല്‍ േഫാണ്‍ നിര്‍മ്മാണ ഫാക്ടറികളേ ഇവിടെ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ 118 മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു. അതില്‍ ചിലത് ലോകോത്തര ഫാക്ടറികളാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയാണ് ഇന്ന് ഏറ്റവും സാങ്കേതിക പരിജ്ഞാനമുള്ളവരുടെ രാജ്യം. എല്ലാ മേഖലയിലും ഡിജിറ്റല്‍ കണ്ടുപിടിത്തങ്ങള്‍ക്ക് ഇന്ത്യയിന്ന് മികച്ചയിടമാണ്. നമ്മള്‍ നൂതനമായ കണ്ടെത്തലുകള്‍ക്കും സംരംഭങ്ങള്‍ക്കും മാത്രമല്ല, അവയുടെ വിപണന മേഖലയിലും വളരുകയാണ്. ലോകത്തെ ഏറ്റവും സാങ്കേതിക സൗഹൃദ രാജ്യമായി ഇന്ത്യ വളരുകയാണ് ഡിജിറ്റല്‍ ഇന്ത്യയെന്ന സങ്കല്‍പ്പമാണ് ഇതിന് ആധാരമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.