കാന്‍ഗ്ര: ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസ്സ് ഒരു തമാശ ക്ലബായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഹിമാചല്‍ പ്രദേശില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോന ചെയ്തു സംസാരിക്കുകയായിരന്നു അദ്ദേഹം.
അഴിമതിക്കാരെ പുറത്താക്കാനുളള അവസരമാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പെന്നും മോദി പറഞ്ഞു. അഴിമതിയില്‍ മുങ്ങി കുളിച്ചു നില്‍ക്കുകയാണ് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി. എന്നിട്ട് തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ അഴിമതി തുടച്ചു നീക്കും എന്ന് പറഞ്ഞാല്‍ കൊച്ചു കുട്ടികള്‍ പോലും വിശ്വസിക്കില്ലെന്നും പ്രധാനമന്ത്രി പരിഹസിച്ചു.
ഹിമാചലിനെ കൊള്ളയടിച്ചവരോട് പകരം ചോദിക്കാനുള്ള ദിവസമാണ് നവംബര്‍ 9. താന്‍ ഹിമാചല്‍ പ്രദേശിനായി ഒരുപാട് പ്രവര്‍ത്തിച്ചിട്ടുണ്ട് .അതുകൊണ്ട് ഇവിടുത്തെ എല്ലാ സ്ഥലങ്ങളും എനിക്ക് സുപരിചിതമാണ്, ഹിമാചല്‍ പ്രദേശിനെ വളര്‍ച്ചയില്‍ നിന്ന് തടസ്സപ്പെടുത്തുന്ന എല്ലാ ഘടകങ്ങളേയും തുടച്ചു നീക്കും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സൈന്യത്തിലും നയതന്ത്ര ഉദ്യോഗസ്ഥരിലും വിശ്വാസം ഇല്ലാത്തതുകൊണ്ടാണോ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൈനീസ് സ്ഥാനപതിയുമായി കൂടിക്കാഴ്ച നടത്തിയതെന്നും നരേന്ദ്രമോദി ചോദിച്ചു.
പതിറ്റാണ്ടുകളോളം രാജ്യം ഭരിച്ച കുടുംബത്തിലെ അംഗമായിരുന്നിട്ടു കൂടി സ്വന്തം രാജ്യത്തെ സൈന്യത്തേയും നയതന്ത്ര ഉദ്യോഗസ്ഥരേയും വിശ്വാസമില്ലാത്തത് ദുഃഖകരമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.