ചങ്കുറപ്പം ധീരതയും വാക്കിലല്ല, ഇങ്ങനെയാണ്, വെടിയൊച്ച മുഴങ്ങുന്ന അതിര്‍ത്തിയില്‍ മോദി !

ജമ്മു കശ്മീര്‍: ഒരു പ്രധാനമന്ത്രിയായാല്‍ ഇങ്ങനെയിരിക്കണം. ഒറ്റക്കെട്ടായി ഇന്ത്യന്‍ സൈനികര്‍ ഇപ്പോള്‍ പറയുന്ന വാക്കുകളാണിത്.

രാഷ്ട്രീയപരമായ ഭിന്നാഭിപ്രായങ്ങളൊന്നും പ്രധാനമന്ത്രിയെ വിലയിരുത്തുന്നതില്‍ സൈനികര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്ക് മുന്നിലും തടസ്സമല്ല.

രാജ്യം ഉറങ്ങുമ്പോഴും ശത്രുവിന്റെ തോക്കിന്‍മുനക്ക് മുന്നില്‍ ‘മതില്‍ ‘ തീര്‍ത്ത് ഉറങ്ങാതെ കാവലിരിക്കുന്ന ധീര സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാനെത്തിയ പ്രധാനമന്തി നരേന്ദ്ര മോദിയുടെ നടപടിയാണ് സൈനികരെ ആവേശത്തിലാക്കിയിരിക്കുന്നത്.

ഏറ്റവും സങ്കീര്‍ണ്ണമായ ഭീഷണി നേരിടുന്ന പാക്ക് അതിര്‍ത്തിയിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നടപടി പാക്ക് അതിര്‍ത്തിസേനയെയും അമ്പരിപ്പിച്ചിട്ടുണ്ട്.
modi121

പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയും പ്രസിഡന്റും പോയിട്ട് പ്രതിരോധ മന്ത്രിമാര്‍ പോലും പേടിച്ച് അതിര്‍ത്തിയില്‍ പോവാറില്ല.

ഇന്ത്യന്‍ സേനക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതായി മോദിയുടെ സന്ദര്‍ശനം.

ഇന്ത്യന്‍ സൈനികര്‍ തനിക്കു സ്വന്തം കുടുംബാംഗങ്ങളെപ്പോലെയാണെന്ന പ്രഖ്യാപനത്തോടെയാണ് ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചത്.

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്കു സമീപമുള്ള ഗുറെസ് താഴ്‌വരയില്‍ ജോലി ചെയ്യുന്ന കരസേന, അതിര്‍ത്തി രക്ഷാ സേന എന്നിവയിലെ അംഗങ്ങള്‍ക്കൊപ്പമായിരുന്നു ആഘോഷം.

സൈനികര്‍ക്ക് മധുരം വിതരണം ചെയ്ത പ്രധാനമന്ത്രി, കുടുംബാംഗങ്ങള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കണമെന്ന ആഗ്രഹമാണ് തന്നെ ഇവിടെ എത്തിച്ചതെന്നും വ്യക്തമാക്കി. സൈനിക വേഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.
modi12

ഗുറെസ് താഴ്‌വരയിലെ സൈനികര്‍ക്കൊപ്പം രണ്ടു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് പ്രധാനമന്ത്രി ഡല്‍ഹിക്കു മടങ്ങിയത്. ഇവിടെനിന്ന് ഏതാണ്ട് ഒരു വിളിപ്പാടകലെയാണ് പാക്ക് അധീന കശ്മീര്‍. കഴിഞ്ഞ 27 വര്‍ഷത്തിനിടെ ഒട്ടേറെത്തവണ നുഴഞ്ഞുകയറ്റ ശ്രമങ്ങളും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളും നടന്നിട്ടുള്ള സ്ഥലമാണിത്.
തുടര്‍ച്ചയായ നാലാം വര്‍ഷമാണ് അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷിക്കുന്നത്.

2014ല്‍ സിയാച്ചിനിലെ സൈനികര്‍ക്കൊപ്പമായിരുന്നു പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷം.

ദീപാവലി ആഘോഷത്തിനിടെ സൈനികരുമായി സംവദിച്ച പ്രധാനമന്ത്രി സൈനികര്‍ക്കൊപ്പം ചെലവഴിച്ച നിമിഷങ്ങള്‍ തന്നെ സംബന്ധിച്ചിടത്തോളം വളരെ ഊര്‍ജദായകമായിരുന്നുവെന്ന് പിന്നീടു ട്വിറ്ററില്‍ കുറിച്ചു.

പരസ്പരം മധുരം കൈമാറുകയും സൈനികരുമായി സംവദിക്കുകയും ചെയ്തതായി വ്യക്തമാക്കിയ അദ്ദേഹം, ഇതിന്റെ ചിത്രങ്ങളും തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചു. സൈനികര്‍ എല്ലാദിവസവും യോഗ ചെയ്യുന്നതായി അറിയാന്‍ കഴിഞ്ഞെന്നും അതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.

അതിര്‍ത്തിയിലെ പ്രതികൂല സാഹചര്യങ്ങളില്‍ ശാന്തത കാത്തുസൂക്ഷിക്കാനും പ്രതിരോധ കഴിവുകള്‍ നിലനിര്‍ത്താനും യോഗ ദിനചര്യയുടെ ഭാഗമാക്കുന്നത് സഹായിക്കുമെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. സൈനിക സേവനത്തിനു ശേഷം നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് അവിടെ യോഗാധ്യാപകരായി ശിഷ്ടകാലം ചെലവഴിക്കാമെന്ന ഉപദേശം നല്‍കാനും പ്രധാനമന്ത്രി മറന്നില്ല.
modi11

അതിര്‍ത്തിയില്‍ നിന്ന് മടങ്ങുമ്പോള്‍ ക്യാംപിലെ സന്ദര്‍ശക ഡയറിയില്‍ പ്രധാനമന്ത്രി ഇപ്രകാരം കുറിച്ചു.

‘സ്വന്തക്കാരില്‍നിന്ന് അകന്ന്, ജീവത്യാഗം ചെയ്തും മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനായി അതിര്‍ത്തിയില്‍ ജോലി ചെയ്യുന്ന എല്ലാ സൈനികരും ധീരതയുടെയും സമര്‍പ്പണത്തിന്റെയും പ്രതീകങ്ങളാണ്. ഇത്തവണ ദീപാവലി നിങ്ങള്‍ക്കൊപ്പം ആഘോഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ഇത്തരം ആഘോഷാവസരങ്ങളില്‍ അതിര്‍ത്തി സംരക്ഷിക്കുന്ന ധീരജവാന്‍മാരുടെ സാന്നിധ്യം രാജ്യത്തെ കോടിക്കണക്കിന് പൗരന്‍മാരില്‍ കൂടുതല്‍ ഊര്‍ജവും പുതുപ്രതീക്ഷയും നിറയ്ക്കുന്നു. ‘പുതിയ ഇന്ത്യ’ എന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനുള്ള സുവര്‍ണാവസരമാണ് നമുക്കിത്. സൈന്യവും ഇതിന്റെ ഭാഗമാണ്. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍’.

പ്രധാനമന്ത്രിയുടെ വാക്കുകള്‍ രാജ്യത്തെ സൈനികരെ മാത്രമല്ല ജനങ്ങളെയാകെ ഉത്തേജിപ്പിക്കുന്നതാണെന്നാണ് ഇതേ കുറിച്ച് ഉന്നത സൈനിക കേന്ദ്രങ്ങള്‍ അഭിപ്രായപ്പെട്ടത്.

Top