ന്യൂഡല്‍ഹി: രാജ്യം ഇന്ന് മഹാത്മാ ഗാന്ധിയുടെ 152-ാം ജന്മവാര്‍ഷികം ആഘോഷിക്കുകയാണ്. വിപുലമായ പരിപാടികളോടെ രാജ്യം ഗാന്ധി ജയന്തി ആഘോഷിച്ചു. എക്കാലത്തെക്കാളും ഗാന്ധിയന്‍ സന്ദേശങ്ങള്‍ പ്രസക്തമായ കാലഘട്ടമാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധി ജയന്തി ദിന പ്രസ്താവനയില്‍ വ്യക്തമാക്കി. സ്വച്ച് ഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഉത്ഘാടനവും ഇന്ന് നടന്നു.
രാജ് ഘട്ടില്‍ കൊവിഡ് ചട്ടങ്ങള്‍ പാലിച്ചായിരുന്നു ജയന്തി ആഘോഷങ്ങള്‍. ക്ഷണിയ്ക്കപ്പെട്ടവരും മാധ്യമപ്രപര്‍ത്തകരും ഉള്‍പ്പടെയുള്ള 500ല്‍ താഴെ ആളുകള്‍ക്ക് മാത്രമേ രാജ്ഘട്ടിലേയ്ക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി രാഷ്ട്രപതി ഉപരാഷ്ട്രപതി, കോണ്‍ഗ്രസ് അദ്ധ്യക്ഷ തുടങ്ങിയ നിരവധി പേര്‍ രാജ് ഘട്ടിലെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി ആദരജ്ഞ്ഞലികള്‍ അര്‍പ്പിച്ചു.
ഗാന്ധി ജയന്തിയുടെ ഭാഗമായ് സര്‍വമത പ്രാര്‍ത്ഥനയും രാജ്ഘട്ടില്‍ നടന്നിരുന്നു. ഗാന്ധിജിയുടെ ജന്മം കൊണ്ട് പ്രശസ്തമായ ഗുജറാത്തിലെ പോര്‍ബന്ധറിലും വിവിധ പരിപാടികളോടെ ആണ് ജയന്തി സമുചിതമായ് ആചരിച്ചത്. ഡല്‍ഹിയിലെ കേരള ഹൗസിലും ഗാന്ധി ജയന്തി ആചരിച്ചു.
2007 മുതല്‍ ഐക്യരാഷ്ട്ര സഭ നോണ്‍ വയലന്‍സ് ഡേ ആയി ഒക്ടോബര്‍ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്‌സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.