രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ്; പാര്‍ട്ടി അധ്യക്ഷന്മാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഒറ്റ തിരഞ്ഞെടുപ്പ് ആശയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍വകക്ഷി യോഗം വിളിക്കും. ലോക്സഭാ സമ്മേളനത്തോടനുബന്ധിച്ച് പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ അധ്യക്ഷന്‍മാരുടെ യോഗം ജൂണ്‍ 19ന് വിളിച്ചുചേര്‍ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

ഇന്നു ചേര്‍ന്ന സര്‍വ്വ കക്ഷി യോഗത്തിലാണ് പ്രധാനമന്ത്രി എല്ലാ പാര്‍ട്ടികളെയും യോഗത്തിന് ക്ഷണിച്ചത്.പ്രധാനമായും ഓരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന വിഷയം ചര്‍ച്ചചെയ്യുന്നതിനാണ് യോഗം വിളിച്ചിരിക്കുന്നത്. ഇതു കൂടാതെ, 2022ല്‍ നടക്കുന്ന സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഈ വര്‍ഷം നടക്കുന്ന മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിനാഘോഷം സംബന്ധിച്ച കാര്യങ്ങളും യോഗത്തില്‍ ചര്‍ച്ചചെയ്യും.

പാര്‍ലമെന്റിന്റെ പുതിയ സെഷന്‍ ആരംഭിക്കുന്നതിനു മുന്നോടിയായി സര്‍വകക്ഷി യോഗം വിളിക്കുന്നത് കീഴ്വഴക്കത്തിന്റെ ഭാഗമാണ്. പാര്‍ലമെന്റിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് പ്രതിപക്ഷ കക്ഷിയടക്കം എല്ലാ പാര്‍ട്ടികളുടെയും പിന്തുണ അഭ്യര്‍ഥിച്ചതായി സര്‍വകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.

Top