ഇന്ത്യയെ പ്ലാസ്റ്റിക്ക് വിമുക്ത രാജ്യമാക്കാന്‍ പ്രവര്‍ത്തിക്കാം; ആഹ്വാനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയെ പ്ലാസ്റ്റിക്ക് വിമുക്ത രാജ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷിക ദിനമായ ഒക്ടോബര്‍ രണ്ടിന് ഇന്ത്യയെ പ്ലാസ്റ്റിക്ക് വിമുക്ത രാജ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പ്രധാനമന്ത്രി മന്‍ കി ബാത്തിലൂടെ ആഹ്വാനം ചെയ്തു.

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദീപാവലിക്കുമുമ്പ് സുരക്ഷിതമായി സംസ്‌കരിക്കാനുള്ള ഉപായങ്ങള്‍ കണ്ടെത്താന്‍ അദ്ദേഹം തദ്ദേശ ഭരണ സ്ഥാപനങ്ങളോടും സര്‍ക്കാര്‍ ഇതര സംഘടനകളോടും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോടും അഭ്യര്‍ഥിച്ചു.സെപ്റ്റംബര്‍ 11 ന് ആരംഭിക്കുന്ന ശുചിത്വ പ്രചാരണ പരിപാടിയില്‍ പങ്കാളികളാകാന്‍ അദ്ദേഹം മന്‍ കി ബാത്തില്‍ ആഹ്വാനം ചെയ്തു. കുന്നുകൂടി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യാന്‍ വ്യവസായ ലോകത്തിന് കഴിയും. അത് ഇന്ധനമാക്കി ഉപയോഗിക്കാനും അവര്‍ക്ക് സാധിക്കും. ദീപാവലിക്ക് മുമ്പ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംസ്‌കരിക്കുകയെന്ന ലക്ഷ്യം നേടാന്‍ അതിലൂടെ സാധിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവെ ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക്ക് ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

Top