കോവിഡ് പോരാട്ടത്തില്‍ ഗ്രാമങ്ങള്‍ നഗരങ്ങള്‍ക്ക് ഒരു പാഠപുസ്തകം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണയ്‌ക്കെതിരെ ഇന്ത്യയിലെ ഗ്രാമങ്ങള്‍ പോരാടിയ രീതി നഗരങ്ങള്‍ക്ക് വലിയൊരു പാഠം നല്‍കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കൊറോണയെന്ന വലിയ പ്രതിസന്ധിക്ക് മുന്നില്‍ ലോകം മുഴുവന്‍ വിറച്ച് നിന്നപ്പോഴും ഇന്ത്യയിലെ ഗ്രാമങ്ങള്‍ ഉറച്ച് നിന്നുവെന്നും മോദി പറഞ്ഞു. കൊറോണ-ലോക്ക്ഡൗണ്‍ പ്രതിസന്ധിയില്‍ തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയായ ഗരീബ് കല്യാണ്‍ റോജര്‍ അഭിയാന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോക്ക്ഡൗണ്‍ സമയത്ത് വീടുകളിലേക്ക് മടങ്ങിയ തൊഴിലാളികളില്‍ ഭൂരിഭാഗവും അവരുടെ കഠിനാധ്വാനവും കഴിവുകളും ഉപയോഗിച്ച് അവരുടെ ഗ്രാമത്തിന്റെ വികസനത്തിനായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ പദ്ധതിയിലൂടെ തൊഴിലാളികള്‍ക്ക് അവരുടെ വീടിനടുത്ത് ജോലി നല്‍കാനാണ് ഞങ്ങളുടെ ശ്രമം’. നിങ്ങളുടെ നൈപുണ്യവും കഠിനാധ്വാനവുമായി നഗരങ്ങള്‍ മുന്നേറുകയായിരുന്നു, ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഗ്രാമത്തെയും പ്രദേശത്തെയും മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

‘രാജ്യം എന്റെ സുഹൃത്തുക്കളായ തൊഴിലാളികളുടെ വികാരങ്ങളും ആവശ്യങ്ങളും മനസ്സിലാക്കുന്നു. ഈ ആവശ്യവും വികാരവും നിറവേറ്റുന്നതിനുള്ള പ്രധാന ഉപകരണമാണ് ബീഹാറിലെ ഖഗേരിയയില്‍ നിന്ന് ആരംഭിക്കുന്ന ‘ഗരീബ് കല്യാണ്‍ റോജര്‍ അഭിയാന്‍’ എന്നും മോദി പറഞ്ഞു.

ലഡാക്കില്‍ നമ്മുടെ ധീരന്മാര്‍ ചെയ്ത ത്യാഗത്തില്‍ രാജ്യം അഭിമാനിക്കുന്നു. രാജ്യത്തിനുവേണ്ടി ജീവന്‍ അര്‍പ്പിച്ച ധീരര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്നും പ്രധാനമന്ത്രി പദ്ധതിയുടെ ഉദ്ഘാടനത്തിനിടെ പറഞ്ഞു.

Top